കോണ്‍ഗ്രസ് എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ നൂഹിൽ വീണ്ടും ഇന്‍റർനെറ്റ് സേവനം റദ്ദാക്കി; ആരാണ് മമ്മന്‍ ഖാൻ?
കോടതിയിൽ ഹാജരാക്കിയ എംഎല്‍എയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

നൂഹ്: ഹരിയാനയിലെ നൂഹില്‍ ജൂലൈ 31നുണ്ടായ കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ മമ്മൻ ഖാനെ അറസ്റ്റ് ചെയ്തു. പ്രകോപനപരമായ പ്രസ്താവനകളിലൂടെ നൂഹില്‍ അക്രമത്തിന് പ്രേരിപ്പിച്ചെന്നാണ് കോൺഗ്രസ് എംഎൽഎക്കെതിരായ ആരോപണം. ഹരിയാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഖാനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയ എംഎല്‍എയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സെപ്റ്റംബർ നാലിനാണ് മമ്മൻ ഖാനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തന്നെ കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നുവെന്ന് ഖാന്‍ കോടതിയിൽ വാദിച്ചു. സംഘര്‍ഷം നടക്കുമ്പോള്‍ താന്‍ ഗുരുഗ്രാമിലെ വീട്ടിലായിരുന്നുവെന്നും നൂഹില്‍ ഉണ്ടായിരുന്നില്ലെന്നും എംഎല്‍എ പറഞ്ഞു. എന്നാല്‍ എംഎല്‍എക്കെതിരെ ഫോണ്‍ രേഖ ഉള്‍പ്പെടെയുള്ള തെളിവുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
ബജ്‌റംഗ്ദള്‍ ദള്‍ നേതാവ് മോനു മനേസറിനെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പൊലീസിന് കൈമാറിയതിനു പിന്നാലെയാണ് ഖാന്‍റെ അറസ്റ്റ്. പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‍ലിം യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് മോനു.
ആരാണ് മമ്മൻ ഖാൻ?
ഫിറോസ്പൂർ ജിർക്ക മണ്ഡലത്തിലെ എംഎല്‍എയാണ് മമ്മൻ ഖാൻ. എഞ്ചിനീയർ മമ്മൻ എന്നും അറിയപ്പെടുന്നു. സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. ചെറുപ്പം മുതലേ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1995ൽ അദ്ദേഹം തന്റെ ഗ്രാമത്തിന്റെ സർപഞ്ചായി തെരഞ്ഞെടുക്കപ്പെട്ടു. 2009ലും 2014ലും 2019ലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് ഹരിയാന നിയമസഭയിലെത്തി.
നൂഹിലെ സംഘര്‍ഷത്തിനിടെ ഉയര്‍ന്നുകേട്ട ഗോസംരക്ഷനായ മോനു മനേസറിന്‍റെ വിഷയം മമ്മന്‍ ഖാന്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു- "ഈ മോനു മനേസർ ഒരിടത്ത് അമിത് ഷായ്‌ക്കൊപ്പവും മറ്റൊരിടത്ത് അരുൺ ജെയ്റ്റ്‌ലിയ്‌ക്കൊപ്പവും ഫോട്ടോ എടുത്തു. താനൊരു വലിയ ആളാണെന്ന് കാണിച്ച് മേവാത്തികളെ പേടിപ്പിക്കാനാണോ? വീണ്ടും മേവാത്ത് സന്ദർശിക്കാൻ ധൈര്യപ്പെടുകയാണെങ്കിൽ,പാഠം പഠിപ്പിക്കും" ഈ വർഷം ഫെബ്രുവരിയിലെ ബജറ്റ് സമ്മേളനത്തിലാണ് അദ്ദേഹം നിയമസഭയിൽ ഇങ്ങനെ പറഞ്ഞത്.
നൂഹില്‍ വിശ്വ ഹിന്ദു പരിഷത്തിന്‍റെ ഘോഷയാത്രക്കിടെയാണ് ജൂലൈ 31ന് നൂഹില്‍ സംഘര്‍ഷമുണ്ടായത്. ആറ് പേര്‍ കൊല്ലപ്പെട്ടു. 88 പേർക്ക് പരിക്കേറ്റു. മമ്മന്‍ ഖാന്‍റെ അറസ്റ്റിനു പിന്നാലെ വീണ്ടും നൂഹില്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ്. നിരോധനാജ്ഞ പുറപ്പെടുവിച്ചു.