ദില്ലി: ജമ്മു കശ്മീരിൽ മുതിർന്ന പൊലീസുദ്യോഗസ്ഥനായ ദേവീന്ദർ സിംഗിനൊപ്പം അറസ്റ്റിലായ ഭീകരരിൽ ഒരാൾ ജമ്മു കശ്മീർ പൊലീസിൽ കോൺസ്റ്റബിൾ ആയിരുന്നെന്ന് പൊലീസ്. ഇപ്പോൾ ലഷ്കർ ഇ ത്വയ്യിബയുടെ താഴ്‍വരയിലെ പ്രമുഖ കമാൻഡർമാരിൽ ഒരാളായി മാറിയ നാവീദ് ബാബു, 2017-ലാണ് സർവീസിൽ നിന്ന് രാജിവച്ച് ഭീകരസംഘടനയിൽ ചേരുന്നത്. കശ്മീരിന്‍റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നടപടിക്ക് പിന്നാലെ കശ്മീരിൽ ജോലി ചെയ്തിരുന്ന കശ്മീരികളല്ലാത്ത തൊഴിലാളികളെ കൂട്ടത്തോടെ വധിച്ച കേസിലെ പ്രതിയാണ് നാവീദ് ബാബു. ട്രക്ക് ഡ്രൈവർമാരും സാധാരണ തൊഴിലാളികളുമടക്കം 11 പേരെയാണ് അന്ന് നാവീദും കൂട്ടരും വധിച്ചത്.  

അതേസമയം, ഭീകരവാദികൾക്കൊപ്പം ദില്ലിയിലേക്ക് പോകുംവഴി അറസ്റ്റിലായ ദേവീന്ദർ സിംഗിനെ 'തീവ്രവാദിയായി' കണക്കാക്കി വിചാരണ നടത്തുമെന്ന് ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി. സർവീസിലിരിക്കുന്ന ഒരു പൊലീസുദ്യോഗസ്ഥനെ വിചാരണ ചെയ്യുന്ന രീതിയിലല്ല, തീവ്രവാദിയെന്ന നിലയിലാകും ദേവീന്ദർ സിംഗിനെ വിചാരണ ചെയ്യുക. ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡെപ്യൂട്ടി സൂപ്പർ ഇന്‍റൻഡായി ജോലി ചെയ്ത് വരികയായിരുന്ന ദേവീന്ദർ സിംഗ് കഴിഞ്ഞ വർഷം രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ് നേടിയ ഉദ്യോഗസ്ഥനാണ്. 

തീവ്രവാദികളെ കീഴ്‍പ്പെടുത്തി ദില്ലിയിലേക്ക് എത്തിക്കുകയായിരുന്നു തന്‍റെ ഉദ്ദേശമെന്ന ദേവീന്ദർ സിംഗിന്‍റെ വാദം പൊലീസ് തള്ളുകയാണ്. ഭീകരർക്കൊപ്പം അറസ്റ്റിലായ ദേവീന്ദർ സിംഗിനെക്കുറിച്ച് 'തന്നെ കുടുക്കി'യെന്ന് പാർലമെന്‍റാക്രമണക്കേസിലെ പ്രതിയായിരുന്ന അഫ്‍സൽ ഗുരു പണ്ട് അഭിഭാഷകന് അയച്ച കത്ത് പുറത്തുവന്നിരുന്നു. ഇതോടെ കേസിലെ ദുരൂഹതകളും ഏറുകയാണ്. 

Read more at: 'അയാളെന്നെ കുടുക്കി': ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിഎസ്‍പിക്കെതിരെ അഫ്സൽ ഗുരു നൽകിയ മൊഴി

ദേവീന്ദർ സിംഗിനൊപ്പം അറസ്റ്റിലായ നാവീദ് ബാബുവാകട്ടെ, താഴ്‍വരയിലെ ലഷ്കർ ഇ ത്വയ്യിബയുടെ തലമുതിർന്ന കമാൻഡർമാരിൽ ഒരാളാണ്. മറ്റൊരാൾ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭീകരനായ അൽത്താഫ്. ജമ്മു കശ്മീരിലെ കുൽഗാമിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് എ കെ 47 ഉൾപ്പടെയുള്ള നിരവധി ആയുധങ്ങളും കണ്ടെടുത്തിരുന്നു. ജമ്മു കശ്മീരിലേക്ക് ആയുധക്കടത്ത് നടത്തിയതിന്‍റെ പേരിൽ ആംസ് ആന്‍റ് എക്സ്പ്ലോസീവ് ആക്ട് ചുമത്തി നിരവധി കേസുകളുണ്ട് നവീദ് ബാബുവിന്‍റെ പേരിൽ.

കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതി നേരിട്ട് വിലയിരുത്താനായി വിദേശത്ത് നിന്ന് എത്തിയ പ്രതിനിധി സംഘത്തെ വ്യാഴാഴ്ച നേരിട്ട് വിമാനത്താവളത്തിൽ സ്വീകരിച്ച മുതിർന്ന ഉദ്യോഗസ്ഥനാണ് ദേവീന്ദർ സിംഗ്. ഇതേ ഉദ്യോഗസ്ഥൻ എങ്ങനെയാണ് ദില്ലിയിലേക്ക് ആയുധം കയ്യിൽ വച്ച് ഭീകരർക്കൊപ്പം യാത്ര ചെയ്തത് എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് ഇപ്പോഴും പൊലീസിന് ഉത്തരമില്ല.

ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലടക്കം നിരവധി ഇടങ്ങളിൽ തീവ്രവാദ ആക്രമണഭീഷണിയുണ്ടെന്ന് ഇന്‍റലിജൻസ് വൃത്തങ്ങൾ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇതിനിടെ ഭീകരരെ ദില്ലിയിലേക്ക് കടത്താനായിരുന്നു ദേവീന്ദർ സിംഗിന്‍റെ ഉദ്ദേശമെന്ന് തെളിഞ്ഞാൽ അതൊരു വലിയ വഴിത്തിരിവാകും.

ഷോപ്പിയാൻ ജില്ലയിലെ എസ്‍പിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് ദേവീന്ദർ സിംഗിന്‍റെ വാഹനം പൊലീസ് പിന്തുടർന്നത്. ഐജി വിജയ് കുമാർ നേതൃത്വം നൽകിയ ഓപ്പറേഷനാണ് ദേവീന്ദറിനെയും ഭീകരരെയും പിന്തുടർന്ന് അറസ്റ്റ് ചെയ്തത്.

''പല തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളുമായും ദേവീന്ദർ സിംഗ് സഹകരിച്ചിട്ടുള്ളതാണ്. എന്നാൽ അദ്ദേഹം ഇന്നലെ എന്തിനാണോ അറസ്റ്റിലായത്, അത് ഹീനമായ കുറ്റകൃത്യമാണ്. അതിനാലാണ് അദ്ദേഹത്തെ തീവ്രവാദിയായി കണക്കാക്കിത്തന്നെ വിചാരണ ചെയ്യുന്നത്'', എന്ന് ഐജി വിജയ് കുമാർ വ്യക്തമാക്കി.

അതേസമയം, അറസ്റ്റിലായ തീവ്രവാദികളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷോപ്പിയാനിൽ വൻ റെയ്‍ഡാണ് നടക്കുന്നത്. ഇന്നലെ ഷോപ്പിയാനിലെ വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ആയുധങ്ങൾ കണ്ടെടുത്തിരുന്നു. ഇതിൽ ദേവീന്ദർ സിംഗിന്‍റെ വീടുമുണ്ടായിരുന്നു. ശ്രീനഗറിലെ ഇന്ദ്രാനഗർ മേഖലയിലുള്ള ദേവീന്ദർ സിംഗിന്‍റെ വീട്ടിൽ നിന്ന് ഒരു എകെ 47 റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെടുത്തിരുന്നു. ദേവീന്ദർ സിംഗിന്‍റെ വീടിന്‍റെ തൊട്ടടുത്താണ് സൈന്യത്തിന്‍റെ 15 കോർപ്സിന്‍റെ ക്യാമ്പ്.