Asianet News MalayalamAsianet News Malayalam

'അയാളെന്നെ കുടുക്കി': ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിഎസ്‍പിക്കെതിരെ അഫ്സൽ ഗുരു നൽകിയ മൊഴി

ശനിയാഴ്ചയാണ് ജമ്മു കശ്മീരിലെ മുതിർന്ന പൊലീസുദ്യോഗസ്ഥനായ ദേവീന്ദർ സിംഗിനെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച രണ്ട് ഭീകരർക്കൊപ്പം അറസ്റ്റ് ചെയ്യുന്നത്. പാർലമെന്‍റ് ആക്രമണക്കേസിലെ പ്രതിയെ ദില്ലിയിലെത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും ദേവീന്ദർ സിംഗായിരുന്നു എന്നാണ് കേസിൽ കുറ്റവാളിയെന്ന് കണ്ട് തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരു പൊലീസിന് അന്ന് മൊഴി നൽകിയത്.

Policeman Named by Afzal Guru as Go Between in Parliament Attack Caught with Terrorists
Author
Srinagar, First Published Jan 12, 2020, 6:43 PM IST

ദില്ലി: രണ്ട് ഭീകരവാദികൾക്കൊപ്പം അറസ്റ്റിലായ ജമ്മു കശ്മീർ ഡിഎസ്‍പി ദേവീന്ദർ സിംഗിന്‍റെ ഭീകരബന്ധം തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. പാർലമെന്‍റ് ആക്രമിച്ച ഭീകരവാദികളിൽ ഒരാളെ ദില്ലിയിൽ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും ദേവീന്ദർ സിംഗിന് അടുത്ത പരിചയമുണ്ടായിരുന്ന അൽത്താഫ് എന്ന യുവാവായിരുന്നുവെന്ന് അഫ്സൽ ഗുരു അഭിഭാഷകന് അയച്ച കത്തിൽ പറയുന്നു. അൽത്താഫ് എന്ന യുവാവ് പറഞ്ഞതനുസരിച്ച് താൻ ദേവീന്ദർ സിംഗിനെ കാണാൻ പോയെന്നും, താൻ പരിചയപ്പെടുത്തുന്നയാൾക്കായി ദില്ലിയിൽ താമസസൗകര്യമൊരുക്കണമെന്നും, അവിടെ ചുറ്റി നടന്ന് കാണിക്കണമെന്നും തന്നോട് ദേവീന്ദർ സിംഗ് ആവശ്യപ്പെട്ടതായും അഫ്സൽ ഗുരു അന്ന് കത്തിൽ വ്യക്തമാക്കിയിരുന്നു. അതേ ദേവീന്ദർ സിംഗിനെയാണ് ഇതേ അൽത്താഫ് എന്ന ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനൊപ്പം, ഇപ്പോൾ പിടികൂടിയിരിക്കുന്നത്. ജമ്മു കശ്മീരിലെ സുരക്ഷാ സംവിധാനത്തിലെ പാളിച്ചകൾക്കൊപ്പം, 2001-ലെ പാർലമെന്‍റ് ഭീകരാക്രമണക്കേസിൽ യഥാർത്ഥ പ്രതികളെ പൊലീസ് കണ്ടെത്തിയിരുന്നോ എന്നതിലും സംശയങ്ങളുയർത്തുന്നതാണ് ഈ അറസ്റ്റ്.

കഴിഞ്ഞ വർഷം ധീരതയ്ക്കുള്ള പ്രസിഡന്‍റിന്‍റെ അവാർഡ് നേടിയ ഓഫീസറാണ് ഡിഎസ്‍പി ദേവീന്ദർ സിംഗ്.  കൂടെ അറസ്റ്റിലായ നാവീദ് ബാബുവാകട്ടെ, താഴ്‍വരയിലെ ലഷ്കർ ഇ ത്വയ്യിബയുടെ തലമുതിർന്ന കമാൻഡർമാരിൽ ഒരാളും. മറ്റൊരാൾ അഫ്സൽ ഗുരു തന്‍റെ കത്തിൽ ചൂണ്ടിക്കാണിക്കുന്ന അൽത്താഫാണ്. ഇയാൾ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭീകരനാണ്. ജമ്മു കശ്മീരിലെ കുൽഗാമിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് എ കെ 47 ഉൾപ്പടെയുള്ള നിരവധി ആയുധങ്ങളും കണ്ടെടുത്തിരുന്നു. 

അഫ്സൽ ഗുരുവിന്‍റെ കത്തിലെന്ത്?

ജമ്മുകശ്മീരിലെ മുതിർന്ന പൊലീസോഫീസറായ ദേവീന്ദർ സിംഗിനെതിരെ അടക്കം ആരോപണങ്ങളുമായി അഫ്സൽ ഗുരു തന്‍റെ അഭിഭാഷകന് അയച്ച കത്താണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. തന്നെ കുടുക്കിയത് ദേവീന്ദർ സിംഗാണെന്ന് കത്തിൽ അഫ്സൽ ഗുരു ആരോപിക്കുന്നുണ്ട്. അന്ന് തന്നെ ഈ വിവരം പുറത്തുവന്നിരുന്നതാണെങ്കിലും അന്വേഷണ ഏജൻസികൾ ഒരിക്കലും ഇത് അന്വേഷിക്കാൻ തയ്യാറായിരുന്നില്ല. അഫ്സൽ ഗുരുവിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായിരുന്ന അഡ്വ സുശീൽ കുമാർ അന്ന് പുറത്തുവിട്ട കത്തിൽ ദേവീന്ദർ സിംഗിനെ 'ദ്രാവീന്ദർ സിംഗ്' (Dravinder Singh) എന്നാണ് വിശേഷിപ്പിക്കുന്നത്. തനിക്ക് പാർലമെന്‍റിൽ ആക്രമണം നടത്തിയ വ്യക്തിയെ 2000-ത്തിന്‍റെ തുടക്കത്തിൽ പരിചയപ്പെടുത്തയത് ഇതേ ദേവീന്ദർ സിംഗാണെന്ന് അഫ്സൽ ഗുരു കത്തിൽ പറയുന്നു. 

''എന്നെ ഒരു ദിവസം അൽത്താഫ് ദ്രാവീന്ദർ സിംഗ് (ഡിഎസ്‍പി) എന്ന ഓഫീസറുടെ അടുത്തേക്ക് കൊണ്ടുപോയി. ദ്രാവീന്ദർ സിംഗിന് വേണ്ടി ഒരു ജോലിയുണ്ടെന്നും അത് ചെയ്യണമെന്നും എന്നോട് പറഞ്ഞു. വലിയ പൊലീസുദ്യോഗസ്ഥനായതിനാൽ എനിക്ക് വേറെ വഴിയില്ലായിരുന്നു. ദില്ലിയെക്കുറിച്ച് നന്നായി അറിയാമെന്നതിനാൽ തനിക്കറിയാവുന്ന ഒരാളെ ദില്ലിയിലേക്ക് കൊണ്ടുപോകണമെന്നും അവിടെ ഒരു വീട് വാടകയ്ക്ക് എടുത്ത് നൽകണമെന്നും എന്നോടാവശ്യപ്പെട്ടു. എനിക്കയാളെ മുമ്പ് പരിചയമുണ്ടായിരുന്നില്ല. അയാളുടെ രീതികളും ഭാഷയും കണ്ടപ്പോൾ അയാൾ കശ്മീരി അല്ല എന്ന് എനിക്ക് മനസ്സിലായി. പക്ഷേ എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല. അയാളെ ഞാൻ ദില്ലിയിലേക്ക് കൊണ്ടുപോയി. ഒരു ദിവസം അയാളെന്നോട് ഒരു കാർ വേണമെന്ന് പറഞ്ഞു. ഞാനയാളെ കരോൾ ബാഗിലേക്ക് കൊണ്ടുപോയി. അവിടന്ന് അയാളൊരു കാർ വാങ്ങി. ദില്ലിയിൽ വച്ച് അയാളൊരുപാട് പേരെ കാണുമായിരുന്നു. അയാളുടെ പേര് മുഹമ്മദ് എന്നായിരുന്നു. ദ്രാവീന്ദർ സിംഗ് ഇതിനിടയിൽ പല തവണ ഞങ്ങളെ (ഗുരുവിനെയും, അൽത്താഫിനെയും മുഹമ്മദിനെയും) വിളിക്കുമായിരുന്നു'', അഫ്സൽ ഗുരു പറയുന്നു.

2001 ഡിസംബർ 13-ന് ഇന്ത്യയെ ഞെട്ടിച്ച പാർലമെന്‍റ് ആക്രമണം നടത്തിയവരിൽ ഒരാൾ ഈ മുഹമ്മദായിരുന്നു. ഇയാളെ സുരക്ഷാസേന പാർലമെന്‍റ് വളപ്പിൽ നിന്ന് തന്നെ വെടിവച്ച് കൊന്നു. അന്ന് ദേവീന്ദർ സിംഗ് അഫ്സൽ ഗുരുവിനെ വിളിച്ചുവെന്ന ആരോപണമോ മുഹമ്മദ് എവിടെ നിന്ന് വന്നു എന്നതോ അന്വേഷണസംഘം അന്വേഷിച്ചില്ല. 

ദേവീന്ദർ സിംഗിന്‍റെ ഭീകരബന്ധമെന്ത്?

എന്തിനാണ് രണ്ട് ഭീകരരെയും കൊണ്ട് ദേവീന്ദർ സിംഗ് ദില്ലിയിലേക്ക് കടക്കാൻ ശ്രമിച്ചതെന്നതിൽ ഇതുവരെ വ്യക്തമായിട്ടില്ല. ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ദില്ലിയടക്കമുള്ള മെട്രോ നഗരങ്ങളിൽ ഭീകരസംഘടനകൾ വൻ ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്ന് ഇന്‍റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. 

രഹസ്യവിവരങ്ങൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ തെക്കൻ കശ്മീർ ഡിഐജി അതുഓൽ ഗോയലിന്‍റെ നേതൃത്വത്തിലാണ് ദേവീന്ദർ സിംഗിന്‍റെ കാറിനെ പിന്തുടർന്നതും കുൽഗാമിലെ മിർ ബസാറിൽ വച്ച് അറസ്റ്റ് ചെയ്തതും. 

കസ്റ്റഡിയിലെടുക്കുമ്പോൾ ഡിഎസ്‍പിയെ രോഷാകുലനായി ഡിഐജി കയ്യേറ്റം ചെയ്തെന്നും ദൃക്സാക്ഷികൾ പറയുന്നു. വാഹനത്തിൽ നിന്ന് എകെ 47 അടക്കമുള്ള റൈഫിളുകൾ കണ്ടെടുത്തതിനാൽ ദേവീന്ദർ സിംഗിന്‍റെ വീട്ടിലും പരിശോധന നടന്നു. അവിടെ നിന്നും രണ്ട് പിസ്റ്റളുകളും ഒരു എകെ 47 റൈഫിളും കണ്ടെടുത്തതായും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios