ദില്ലി: ജെഡിയു നേതാവും തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിനെക്കുറിച്ച് കേട്ടിട്ടില്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഹര്‍ദീപ് പുരി. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രശാന്ത് കിഷോറിനെക്കുറിച്ച് കേള്‍ക്കുകയോ അദ്ദേഹത്തെ അറിയുകയോ ചെയ്യില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞത്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ പ്രചാരണ തന്ത്രങ്ങള്‍ മെനഞ്ഞത് പ്രശാന്ത് കിഷോറായിരുന്നു. 

ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി പ്രചാരണ തന്ത്രങ്ങള്‍ മെനയുന്നത് എന്‍ഡിഎ സഖ്യകക്ഷിയുടെ നേതാവായ പ്രശാന്ത് കിഷോറാണല്ലോ എന്ന ചോദ്യത്തിനാണ് കേന്ദ്രമന്ത്രിയുടെ പരിഹാസ മറുപടി. ആരാണ് പ്രശാന്ത് കിഷോറെന്ന് മന്ത്രി ചോദിച്ചു. 2014ല്‍ മോദിയുടെ പ്രചാരണ തന്ത്രങ്ങള്‍ മെനഞ്ഞ ആളാണെന്ന് പറഞ്ഞപ്പോള്‍ അന്ന് താനിവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി മറുപടി നല്‍കി.

മന്ത്രിക്കെതിരെ പ്രശാന്ത് കിഷോറും രംഗത്തെത്തി.  അദ്ദേഹം സീനിയര്‍ മന്ത്രിയാണ്. കൂടാതെ തെരഞ്ഞെടുപ്പില്‍ ദില്ലിയുടെ പാര്‍ട്ടി ചുമതലയും അദ്ദേഹത്തിനാണ്. അതുകൊണ്ട് തന്നെ എന്നെപ്പോലൊരു സാധാരണക്കാരനെ എന്തിന് അറിയണം. പുരി ജിയെപ്പോലെ മുതിര്‍ന്ന നേതാവ് എങ്ങനെയാണ് സാധാരണക്കാരെയ അറിയുകയെന്ന് പ്രശാന്ത് കിഷോര്‍ വാര്‍ത്താഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.