ദില്ലി: സുപ്രീംകോടതി ഇന്ന് വിധി പ്രഖ്യാപിച്ച അയോധ്യ ഭൂമി തര്‍ക്കകേസില്‍ പ്രധാന ഹര്‍ജിക്കാരിലൊരാള്‍ ആയിരുന്നു രാം ലല്ല വിരാജ്‍മാന്‍. ഈ രാം ലല്ലയെ പിന്തുണച്ചാണ്, വിശ്വഹിന്ദു പരിഷത്ത് രൂപീകരിച്ച രാമജന്മഭൂമി ന്യാസ് കേസ് നടത്തിയത്. എന്നാല്‍, രാം ലല്ല വിരാജ്‍മാന്‍ ഒരു വ്യക്തിയോ സംഘടനയോ അല്ല എന്നതാണ് വസ്തുത. അതൊരു ദൈവസങ്കല്‍പമാണ്. അഥവാ, ശ്രീരാമന്‍റെ ബാലരൂപമാണ് രാം ലല്ല എന്നാണ് വിശ്വാസം

നിയമത്തിന് കീഴില്‍, ഒരു ഹിന്ദു ദൈവം ഹര്‍ജി നല്‍കാന്‍ അവകാശമുള്ള നിയമവിധേയനായ വ്യക്തിയാണ്. മറ്റു പല ഹിന്ദുദൈവങ്ങളെയും പോലെ നിയമത്തിനു കീഴില്‍ രാം ലല്ലയും പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണ്. ബ്രിട്ടീഷ് പൊതുനിയമത്തില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ഒരു ദൈവത്തിന് നിയമാവകാശം ലഭിക്കുന്നത് ആ ദൈവത്തെ ആരാധിക്കുന്നവരിലൂടെയാണ്. അയോധ്യ കേസില്‍ ശ്രീരാമനെ പ്രതിനിധീകരിച്ചത് വിഎച്ച്പി നേതാവായ ത്രിലോക് നാഥ് പാണ്ഡേ ആണ്. വിഎച്ച്പി നേതാവായ പാണ്ഡേ കേസിലെ കക്ഷികളിലൊരാളാണ്.

രാം ലല്ല എന്ന ദൈവം കേസില്‍ അന്യായം ഫയല്‍ ചെയ്യുന്നത് 1989ലാണ്. സിവില്‍ കോടതിയില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് കേസ് മാറ്റി രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു അത്. ആ സമയത്ത് ദ്യോകി നന്ദന്‍ അഗര്‍വാള്‍ എന്ന മുന്‍ ജഡ്ജ് രാം ലല്ലയുടെയും രാമജന്മഭൂമിയുടെയും സുഹൃത്താകണമെന്ന് കാണിച്ച് അലഹബാദ് ഹൈക്കോടതിയില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അന്ന് വിഎച്ച്പിയുടെ വര്‍ക്കിംഗ് പ്രസിഡന്‍റായിരുന്നു അഗര്‍വാള്‍.