സിദ്ദുവിന്‍റെ കൊലപാതകത്തിന് പിന്നാലെ പിഴച്ചതാർക്ക് എന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്. പഞ്ചാബ് സർക്കാരിനെതിരെയാണ് ഏവരും വിരൽ ചൂണ്ടുന്നത്. സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം ഇതിനകം ഉയർന്നു കഴിഞ്ഞു

എന്നും ഗ്യാങ്ങ്സ്റ്റർ ആൽബങ്ങളുടെ തോഴൻ. ചുരുങ്ങിയ വാക്കുകളിൽ സിദ്ദു മൂസൈവാലയെ ഇങ്ങനെ വിശേഷിപ്പിക്കുന്നവരാകും ഏറിയപങ്കും. വലിയൊരു ആരാധകവൃന്ദം ഉണ്ടായിരുന്ന മൂസൈവാല തന്‍റെ ഗ്യാങ്ങ്സ്റ്റർ റാപ്പുകൾക്ക് കൊണ്ട് നേടിയത് പഞ്ചാബി യുവതയുടെ വീരപരിവേഷമായിരുന്നു. എകെ 47 തോക്കുകൾ അടക്കമായി തന്‍റെ ആൽബങ്ങളിൽ പ്രത്യക്ഷപ്പെട്ട മൂസൈവാല എന്നും വിവാദങ്ങൾ ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. 1993 ജൂൺ 17-ന് പഞ്ചാബിലെ മൻസ ജില്ലയിലെ മൂസെവാല ഗ്രാമത്തിലാണ് സിദ്ദു മൂസെവാലയെന്ന ശുഭ്ദീപ് സിംഗ് സിദ്ദുവിന്‍റെ ജനനം.

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും സംഗീതവും പഠിച്ചു. പിന്നീട് കാനഡയിലേക്ക് ചേക്കറി, പിന്നാലെയാണ് പഞ്ചാബ് റാപ്പ് രംഗത്തേക്ക് ചുവട് വെക്കുന്നത്. 2016 മുതൽ ഗാനരംഗത്ത് ഉണ്ടായിരുന്നെങ്കിലും 2017 ലെ സോ ഹൈയാണ് മൂസൈവാലയുടെ സംഗീത ജീവിതത്തെ മാറ്റിമറിയ്ക്കുന്നത്. ആ വർഷം ഈ ആൽബം വഴി നിരവധി അവാർഡുകളും മൂസൈവാലയെ തേടിയെത്തി. തോക്ക് സംസ്കാരത്തെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ഗുണ്ടാസംഘങ്ങളെ മഹത്വവൽക്കരിക്കുകയും ചെയ്യുവെന്ന് വിമർശനം മൂസൈവാലയുടെ ആൽബങ്ങൾക്കെതിരെ ഉയർന്നു. 2019 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ആൽബത്തിൽ 18-ാം നൂറ്റാണ്ടിലെ സിഖ് യോദ്ധാവ് മൈ ഭാഗോയെ മോശമായി ചിത്രീകരിച്ചുവെന്ന് വലിയ വിമർശനം ഉയർന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചതോടെ മൂസൈവാല പിന്നീട് ക്ഷമാപണം നടത്തി.

2020ൽ പുറത്തിറങ്ങിയ 'സഞ്ജു' എന്ന് ആൽബവും വിവാദങ്ങൾക്ക് തിരികൊളുത്തി. ഇതിനിടെ ബർണാലിലെ ഒരു ഫയറിംഗ് റേഞ്ചിൽ മൂസൈവാല പരിശീലനം നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഗായകനെതിരെ ആയുധ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഈ കേസിൽ പിന്നീട് കോടതി ഇയാൾക്ക് ജാമ്യം നൽകി. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.

സിദ്ദുവിന്‍റെ കൊലപാതകത്തിന് പിന്നാലെ പിഴച്ചതാർക്ക് എന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്. പഞ്ചാബ് സർക്കാരിനെതിരെയാണ് പ്രമുഖ പ്രതിപക്ഷ പാ‍ർട്ടികളടക്കം വിരൽ ചൂണ്ടുന്നത്. സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം ഇതിനകം ഉയർന്നു കഴിഞ്ഞു. വി ഐ പി സംസ്കാരം ഇല്ലാതാക്കുന്നുവെന്ന് എന്ന് പ്രഖ്യാപിച്ചാണ് സിദ്ദു വൂസെവാലെ ഉള്‍പ്പടെ 424 പേരുടെ സുരക്ഷ സർക്കാർ കഴിഞ്ഞ ദിവസം പിന്‍വലിച്ചത്. പിന്നാലെയാണ് വെടിയേറ്റുള്ള മരണമെന്നതാണ് ഏവരെയും ഞെട്ടിക്കുന്നത്. ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷം ക്രമസമാധാന നില താറുമാറാകുന്നു എന്നുളള വലിയ പരാതി പഞ്ചാബിലുണ്ട്. ഇന്‍റലിജന്‍സ് ആസ്ഥാനത്തിന് നേരെ പോലും ഗ്രനേഡ് ആക്രമണം നടന്നു. ഈ സംഭവത്തോടെ കോണ്‍ഗ്രസും ബി ജെ പിയും, അകാലിദളും ഒരുപോലെ വിമര്‍ശനം കടുപ്പിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗും സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പല ഭാഗത്ത് നിന്നും വിമർശനമുയർന്നതോടെ സിദ്ദുവിന്‍റെ കൊലപാതകത്തിൽ ഭഗവന്ത് മാൻ സർക്കാർ വലിയ പ്രതിരോധത്തിലാകുകയാണ്.