Asianet News MalayalamAsianet News Malayalam

രാഹുലിന്‍റെ പിന്‍ഗാമിക്കായി ചര്‍ച്ച തുടങ്ങി, യുവനേതാക്കളും പരിഗണനയില്‍

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങി. പ്രവര്‍ത്തക സമിതിയോഗം അടുത്തയാഴ്ച ചേരാനിരിക്കെ യുവനേതാക്കളടക്കം പരിഗണനയിലുണ്ട്. 

who will lead congress after Rahul Gandhi resigns as Congress chief
Author
New Delhi, First Published Jul 4, 2019, 6:15 AM IST

ദില്ലി: പ്രതിസന്ധി തുടരുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിക്കായുള്ള ചര്‍ച്ചകള്‍ തുടങ്ങി. പ്രവര്‍ത്തക സമിതിയോഗം അടുത്തയാഴ്ച ചേരാനിരിക്കെ യുവനേതാക്കളടക്കം പരിഗണനയിലുണ്ട്. അധ്യക്ഷസ്ഥാനത്തേക്ക് ഇല്ലെന്നാവര്‍ത്തിച്ച രാഹുല്‍, നെഹ്റു കുടുംബത്തിലെ ആരും അധ്യക്ഷ പദവിയിലേക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

എന്നാൽ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ നെഹ്റു കുടുംബത്തിനായിരിക്കുമെന്നതില്‍ സംശയമില്ല. അതിനാല്‍ തന്നെ വിശ്വസ്തനെയായിരിക്കും അധ്യക്ഷപദവിയിലേക്ക് കൊണ്ടുവരിക. പകരക്കാരനാരെന്ന ചര്‍ച്ച ഇപ്പോൾ സുശീല്‍കുമാര്‍ ഷിന്‍ഡെ, മല്ലികാർജ്ജുന ഖാര്‍ഗെ എന്നീ നേതാക്കളിലാണ് എത്തിനില്‍ക്കുന്നത്.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഷിന്‍ഡെ നെഹ്റു കുടുംബവുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ്. യുപിഎ സര്‍ക്കാരുകളില്‍ റെയില്‍വേ, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മല്ലികാര്‍ജ്ജുന ഖാര്‍ഗെ സോണിയ ഗാന്ധിയുടെ വിശ്വസ്തരിലൊരാളാണ്. യുവത്വം നയിക്കണമെന്നാണ് തീരുമാനമെങ്കില്‍ സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരിലാര്‍ക്കെങ്കിലും നറുക്ക് വീണേക്കും എന്നും സൂചനയുണ്ട്. 

പ്രവര്‍ത്തക സമിതി ചേരുന്നതിന് മുന്‍പ് തന്നെ പുതിയ അധ്യക്ഷനാരെന്ന കാര്യത്തില്‍ നേതാക്കള്‍ ധാരണയിലെത്തിയേക്കുമെന്നാണ് റിപ്പോർട്ട്. അധ്യക്ഷനെ ചൊല്ലി ഇനി തീരുമാനം വൈകരുതെന്ന രാഹുലിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. നാല് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതൃതലത്തിലെ പ്രതിസന്ധി എത്രയും വേഗം തീര്‍ക്കുകയെന്ന വെല്ലുവിളിയാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്.   

Follow Us:
Download App:
  • android
  • ios