പാർട്ടി ഏത് ചുമതലയേൽപിച്ചാലും സ്വീകരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ്ഒ. രാൾക്ക് ഒരു പദവി മാനദണ്ഡം കർശനമായി നടപ്പാക്കണമെന്ന് പദ്മജ വേണുഗോപാൽ.
ദില്ലി: കോണ്‍ഗ്രസ് അദ്ധ്യക്ഷമായി മല്ലികാര്‍ജുന ഖര്‍ഗെ ഇന്ന് ചുമതലയേല്‍ക്കാനിരിക്കെ നേതൃനിരയിലെ പുനസംഘടന സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായി. ഖർഗെ ചുമതല ഏറ്റെടുത്ത ശേഷം ആദ്യം പങ്കെടുക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ്. ഗുജറാത്തിലെ സ്ഥാനാർത്ഥികളുടെ കാര്യം യോഗത്തില്‍ ചർച്ച ചെയ്യും. പ്രവർത്തക സമിതിയുടെ കാര്യം പ്ലീനറി യോഗം തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആരൊക്കെ അംഗങ്ങളാകും എന്നത് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിലെ പദവി ആരോടും ആവശ്യപ്പെട്ടിട്ടില്ല .എന്തെകിലും പദവി നൽകാമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേ സമയം പാർട്ടി ഏത് ചുമതലയേൽപിച്ചാലും സ്വീകരിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ഒരിക്കലും ഒരു പദവിക്കായി എവിടെയും പോയിട്ടില്ല. ഖർഗെയുടെ വോട്ടുമായി തരൂരിന് കിട്ടിയ വോട്ടുകൾ താരതമ്യം ചെയ്തത് തെറ്റിദ്ധരിക്കപ്പെട്ടു. എന്നാല്‍ ഒരാൾക്ക് ഒരു പദവി മാനദണ്ഡം കർശനമായി നടപ്പാക്കണമെന്ന് പദ്മജ വേണുഗോപാൽ ആവശ്യപ്പെട്ടു. പരിഗണന കിട്ടാതെ നിരവധി പേരാണ് പുറത്ത് നിൽക്കുന്നതെന്നും അവര്‍ സൂചിപ്പിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്.. സമവായ നീക്കത്തിന് മല്ലികാര്‍ജ്ജുനഖര്‍ഗെ ശ്രമം നടത്തുന്നതിനിടെയാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടി അധ്യക്ഷന്‍ ഖര്‍ഗെയും, പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി സോണിയ ഗാന്ധിയും സമിതിയിലുണ്ടാകും. 11 പേരെ നാമനിര്‍ദ്ദേശം ചെയ്യുന്നു. പന്ത്രണ്ട് പേര്‍ക്ക് മത്സരിക്കാം. അധ്യക്ഷ തെരഞ്ഞെടുപ്പ് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്‍റെ തെളിവെന്ന് അവകാശപ്പെടുമ്പോള്‍ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനാണ് ഖര്‍ഗെ മുന്‍കൈയെടുക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ പ്രവര്‍ത്തകസമിതിയിലേക്കുള്ള മത്സരം പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കാനുള്ള സാധ്യത നേതൃത്വം വിലയിരുത്തുന്നു. നേതാക്കളുടെ അഭിപ്രായം ഖര്‍ഗെ തേടുന്നതിനിടെയാണ് രാഹുൽ ഗാന്ധി നിലപാടറിയച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പ് പോലെ പ്രവര്‍ത്തക സമിതിയിലേക്കും തെരഞ്ഞെടുപ്പ് നടന്നാല്‍ എതിര്‍ക്കില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ തരൂര് ക്യാമ്പും അനുകൂലിക്കുന്നു.
1072 വോട്ടുകള്‍ നേടിയ താന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടാന്‍ യോഗ്യനാണെന്ന് വിലയിരുത്തുമ്പോള്‍ തന്നെ പിന്തുണച്ചവരില്‍ ചിലരെ പ്രവര്‍ത്തക സമിതിയിലേക്ക് കൊണ്ടുവരാനും തരൂരിന് താല്‍പര്യമുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നടക്കം ഭൂരിപക്ഷം നേതാക്കളും സമവായത്തിലൂടെ ബര്‍ത്ത് ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. സാഹചര്യം പോലെ തീരുമാനമെടുക്കുമെന്നാണ് ഖർഗെ ക്യാമ്പിന്‍റെ പ്രതികരണം.
