പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ സംബന്ധിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അഭിഭാഷകന്‍റെ പരാമർശം ക്രൂരമാണ് എന്നാണ് ഉയരുന്ന പ്രധാന വിമർശനം.

ഭോപ്പാൽ: ദേശീയപാതയിലുണ്ടായ 40 മണിക്കൂർ ഗതാഗത കുരുക്കിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) പരാമർശം വിവാദത്തിൽ. ആളുകൾ പണിയൊന്നുമില്ലാതെ എന്തിനാണ് ഇത്ര നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങുന്നത് എന്നാണ് എൻഎച്ച്എഐ അഭിഭാഷകൻ കോടതിയിൽ ചോദിച്ചത്. തുറന്ന കോടതിയിൽ നടത്തിയ ഈ പരാമർശം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ സംബന്ധിച്ച് ഈ പരാമർശം ക്രൂരമാണ് എന്നാണ് ഉയരുന്ന പ്രധാന വിമർശനം.

ഇൻഡോർ - ദേവാസ് ദേശീയ പാതയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് എട്ട് കിലോമീറ്ററോളം ഗതാഗത കുരുക്ക് ഉണ്ടായത്. നാലായിരത്തിലധികം വാഹനങ്ങൾ കുടുങ്ങി. ഇൻഡോർ സ്വദേശി കമൽ പാഞ്ചൽ (62) ഗതാഗതക്കുരുക്കിനിടെ ചൂടിൽ ശ്വാസം മുട്ടി ഹൃദയാഘാതം മൂലമാണ് മരിച്ചത്. ശുജാൽപൂർ സ്വദേശി ബൽറാം പട്ടേൽ (55), ഗാരി പിപാൽയ സ്വദേശി സന്ദീപ് പട്ടേൽ (32) എന്നിവരുടെ മരണവും സംഭവിച്ചത് ഗതാഗത കുരുക്കിലാണ്. കാരണമില്ലാതെയല്ല ആരും റോഡുകളിൽ ഇറങ്ങുന്നതെന്നും എൻഎച്ച്എഐ ഉദ്യോഗസ്ഥർ ഞങ്ങളെപ്പോലെ റോഡിൽ കുടുങ്ങിയാലേ അവർക്കതിന്‍റെ ഭീകരത മനസ്സിലാകൂ എന്നും മരിച്ച ബൽറാമിന്‍റെ ബന്ധുക്കൾ രോഷത്തോടെ പറഞ്ഞു.

ഇൻഡോറിലേക്ക് പോകുന്നതിനിടെ ഗതാഗത കുരുക്കിൽ കുടുങ്ങിയതോടെ ദേവാസിലെ അഭിഭാഷകൻ ആനന്ദ് അധികാരി പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു. ജസ്റ്റിസുമാരായ വിവേക് റുസ്യയും ബിനോദ് കുമാർ ദ്വിവേദിയും അടങ്ങിയ മധ്യപ്രദേശ് ഹൈക്കോടതിയിലെ ബെഞ്ച് തിങ്കളാഴ്ച കേസ് പരിഗണിച്ചു. കോടതി ഒന്നിലധികം ഏജൻസികളെ കേസിൽ കക്ഷികളാക്കി. എൻഎച്ച്എഐയുടെ ദില്ലി, ഇൻഡോർ ഓഫീസുകൾ, റോഡ് ഗതാഗത ഹൈവേ മന്ത്രാലയം, ഇൻഡോർ കളക്ടർ, ഇൻഡോർ പൊലീസ് കമ്മീഷണർ, റോഡ് നിർമ്മാണ കമ്പനി, ഇൻഡോർ ദേവാസ് ടോൾവേയ്സ് ലിമിറ്റഡ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം.

സർവീസ് റോഡ് നാല് ആഴ്ചയ്ക്കകം പൂർത്തിയാക്കാൻ നേരത്തെ തന്നെ ഉത്തരവിട്ടത് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ റോഡ് നിർമാണം ഇപ്പോഴും പൂർത്തിയാക്കിയിട്ടില്ല. ക്രഷർ യൂണിറ്റുകളുടെ 10 ദിവസത്തെ പണിമുടക്കാണ് കാലതാമസത്തിന് കാരണമെന്ന് എൻഎച്ച്എഐ കുറ്റപ്പെടുത്തി. എന്നാൽ കോടതിക്ക് ഈ വിശദീകരണം തൃപ്തികരമായി തോന്നിയില്ല. പിന്നാലെയാണ് 'ആളുകൾ ജോലിയൊന്നുമില്ലാതെ എന്തിനാണ് വീടുകളിൽ നിന്ന് ഇത്ര നേരത്തെ ഇറങ്ങുന്നത്?' എന്ന ചോദ്യം എൻഎച്ച്എഐ അഭിഭാഷകൻ ചോദിച്ചത്. അത്തരം ന്യായീകരണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കോടതി മറുപടി നൽകി.

അതിനിടെ എൻഎച്ച്എഐ നിർമ്മിച്ച സർവീസ് റോഡിന് ഭാരമുള്ള വാഹനങ്ങളെ താങ്ങാനുള്ള ശേഷിയില്ലെന്ന് ഇൻഡോർ കളക്ടർ ആശിഷ് സിംഗ് സ്ഥലം സന്ദർശിച്ച ശേഷം പറഞ്ഞു. റോഡ് തകർന്ന് ഗതാഗതം നിലച്ചതാണ് ഗതാഗതക്കുരുക്കിന് കാരണം. ജൂലൈ 7ന് കോടതി വീണ്ടും വാദം കേൾക്കും.