ബീഹാറിലെ ഹിസുവ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം‌എൽ‌എയാണ് നീതു. ഫ്ലെയിംഗ് കിസ് വിവാദം രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമമാണെന്നും അവർ പറഞ്ഞു

പാറ്റ്ന: ലോക്സഭ നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി എംപി ഫ്ലയിംഗ് കിസ് നല്‍കിയെന്നുള്ള വിവാദം കത്തുന്നതിനിടെ കോണ്‍ഗ്രസ് എംഎല്‍എ നടത്തിയ പരാമര്‍ശം വിവാദത്തിൽ. ബീഹാറിൽ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ നീതു സിംഗിന്‍റെ വാക്കുകളാണ് പുതിയ വിവാദത്തിന് കാരണമായിട്ടുള്ളത്. രാഹുലിന് ബുദ്ധിമുട്ടില്ലാതെ യുവതികളെ കണ്ടെത്താൻ കഴിയുന്ന സാഹചര്യത്തിൽ എന്തിനാണ് ഒരു അമ്പത് വയസുകാരിക്ക് ഫ്ലയിംഗ് കിസ് കൊടുക്കുന്നതെന്നാണ് നീതു ചോദ്യം.

നീതു ഇക്കാര്യങ്ങള്‍ പറയുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. ബീഹാറിലെ ഹിസുവ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം‌എൽ‌എയാണ് നീതു. ഫ്ലെയിംഗ് കിസ് വിവാദം രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമമാണെന്നും അവർ പറഞ്ഞു. രാഹുൽ ഗാന്ധിക്ക് ഫ്ലയിംഗ് കിസ് നല്‍കണമെന്നുണ്ടെങ്കില്‍ അത് യുവതികള്‍ക്കേ നല്‍കൂ.

എന്തിനാണ് സ്മൃതി ഇറാനിയെപ്പോലുള്ള 50 വയസുള്ള സ്ത്രീക്ക് നല്‍കുന്നതെന്നാണ് നീതു ചോദിച്ചത്. അതേസമയം നീതു സിംഗിന്‍റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത് വന്നു. കോൺഗ്രസ് ഒരു സ്ത്രീ വിരുദ്ധ പാർട്ടിയാണെന്നും രാഹുൽ ഗാന്ധിയെ പ്രതിരോധിക്കാൻ ഏതറ്റം വരെയും പോകുമെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു. അതേസമയം, ലോക്സഭ നടക്കുന്നതിനിടെ കോൺ​ഗ്രസ് എംപിയായ രാഹുല്‍ ഗാന്ധി, ബിജെപി വനിത എംപിമാർക്ക് നേരെ ഫ്ലയിംഗ് കിസ് നല്‍കിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ആരോപണം ആദ്യം ഉന്നയിച്ചത്.

പിന്നാലെ സ്മൃതി ഇറാനിക്കും മറ്റ് വനിത എംപിമാർക്കും നേരെയാണ് ഫ്ലയിംഗ് കിസ് നല്‍കിയതെന്ന് മന്ത്രി ശോഭ കരന്തലജെയും ആരോപിച്ചു. ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതിയും നൽകി. സ്ത്രീ വിരുദ്ധനായ ഒരാൾക്ക് മാത്രമേ പാർലമെന്റിലെ വനിതാ എംപിമാർക്ക് ഫ്ലൈയിംഗ് കിസ് നൽകാൻ കഴിയൂവെന്നും ഇത്തരമൊരു സംഭവം മുമ്പ് കണ്ടിട്ടില്ലെന്നും രാഹുലിന്റെ പ്രവൃത്തി അശ്ലീലമാണെന്നും സ്മൃതി ഇറാനി ആരോപിച്ചു. 

രാഹുൽ കേസിലെ സുപ്രീംകോടതി വിമർശനം; പിന്നാലെ ഗുജറാത്തിൽ നിന്ന് ജസ്റ്റിസ് ഹേമന്ത് പ്രച്ഛകിന് സ്ഥലംമാറ്റം, ശുപാർശ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം