കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിന് മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് സമൂഹമാധ്യമങ്ങളിലൂടെയും ക്രൌഡ് ഫണ്ടിംഗിലൂടെയും സഹായം ലഭിച്ചിരുന്നു. എന്നാല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കും അഭിഷേകിനെ രക്ഷിക്കാനായില്ല
ചെറിയ പ്രായത്തില്‍ വിവാഹത്തിന് പിന്നാലെ ഭര്‍ത്താവ് നഷ്ടമായ ശേഷം തനിക്ക് നേരിട്ട വേദന മറ്റൊരാള്‍ക്കുണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് ഈ യുവതി. വിവാഹം കഴിഞ്ഞ് വെറും ആറുമാസത്തിനുള്ളിലാണ് 23കാരി മൌഷ്മിക്ക് ഭര്‍ത്താവിനെ നഷ്ടമായത്. ഒഡിഷയിലെ ബാസുദേവ്പൂരിലെ ബഡ്രക്ക് സ്വദേശിയാണ് മൌഷ്മി. കൊവിഡുമായുള്ള പോരാട്ടത്തിലാണ് മൌഷ്മിക്ക് ഭര്‍ത്താവ് അഭിഷേക് മഹാപത്രയെ നഷ്ടമായത്.
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ അഭിഷേകിന് മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് സമൂഹമാധ്യമങ്ങളിലൂടെയും ക്രൌഡ് ഫണ്ടിംഗിലൂടെയും സഹായം ലഭിച്ചിരുന്നു. ഒഡിഷയില്‍ നിന്ന് കൊല്‍ക്കത്തയില്‍ എത്തിച്ചെങ്കിലും അഭിഷേഖിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. വിവാഹം കഴിഞ്ഞ് വെറും 12 ദിവസം കഴിയുമ്പോഴാണ് അഭിഷേക് കൊവിഡ് ബാധിതനാവുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും അഭിഷേകിന്‍റെ ശ്വാസകോശത്തില്‍ അണുബാധ സാരമായി കീഴടിക്കിയിരുന്നു. ചികിത്സാ ചെലവ് കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമായതോടെയാണ് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായി മൌഷ്മി സമൂഹമാധ്യമങ്ങളില്‍ സഹായം തേടിയത്.
വലിയ രീതിയിലുള്ള പ്രതികരണമാണ് മൌഷ്മിക്ക് ലഭിച്ചത്. സഹായത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ജൂണ്‍ മാസം അഭിഷേകിനെ കൊല്‍ക്കത്തയിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യുകയായിരുന്നു. 83 ദിവസം കൊവിഡിനോട് പൊരുതിയ ശേഷമാണ് അഭിഷേക് മരിക്കുന്നത്. ജീവിത വഴിയില്‍ പെട്ടന്ന് തനിച്ചായെങ്കിലും കരഞ്ഞുകൊണ്ട് ജീവിതം തള്ളി നീക്കാന്‍ തയ്യാറാവാതിരുന്ന മൌഷ്മിയുടെ അവസരോചിതമായ ഇടപെടലിനാണ് പിന്നീട് കുടുംബം സാക്ഷിയായത്. മൂന്ന് അക്കൌണ്ടുകളിലായി ലഭിച്ച പണം മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും റെഡ് ക്രോസിനുമായി സംഭാവന ചെയ്യുകയാണ് മൌഷ്മി ചെയ്തത്. നാല്‍പത് ലക്ഷം രൂപയോളമാണ് ഇത്തരത്തില്‍ സംഭാവന ചെയ്തത്.
മഹാമാരിക്കാലത്ത് നാമെല്ലാവരും ഒരുമിച്ചാണ്. അടുത്ത ബന്ധുക്കളുടെ നഷ്ടമുണ്ടാക്കുന്ന വേദന എന്താണെന്ന് വ്യക്തമായി തനിക്ക് അറിയാം. മറ്റൊരാള്‍ക്ക് അത്തരത്തിലുള്ള ഒരു അവസ്ഥ വരാതിരിക്കാനാണ് തന്‍റെ പ്രയത്നമെന്നും മൌഷ്മി പറയുന്നു. അഭിഷേകിനെ രക്ഷിക്കാന്‍ സാധിച്ചില്ല പക്ഷേ ആ പണമുപയോഗിച്ച് സഹായം ലഭിച്ചാല് രക്ഷപ്പെടുന്ന നിരവധിപ്പേര്‍ ഈ സമയത്ത് തന്‍റെ ഒപ്പമുണ്ടെന്ന് തിരിച്ചറിയുന്നതായും മൌഷ്മി പറയുന്നു. സയന്‍സ് ബിരുദധാരിയാണ് മൌഷ്മി. ജില്ലാ കളക്ടര്‍ മൌഷ്മിക്ക് ജോലി നല്‍കാമെന്ന് ഇതിനോടകം വാഗ്ദാനം ചെയ്തിട്ടുണ്ട്.
