ലഡാക്കില്‍ ചൈനീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കേണല്‍ സന്തോഷ് ബാബുവിന്‍റെ ഭാര്യ സന്തോഷി സർക്കാർ ജോലിയില്‍ പ്രവേശിച്ചു. 

ഹൈദരാബാദ്: ലഡാക്കില്‍ ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്‍റെ ഭാര്യ സന്തോഷി സർക്കാർ ജോലിയില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം തെലങ്കാന ആഭ്യന്തരമന്ത്രിയുടെ ഓഫീസിലാണ് സന്തോഷി ജോലി ആരംഭിച്ചത്. ഡെപ്യൂട്ടി കളക്ടറായാണ് നിയമനം.

Add Asianetnews as a Preferred SourcegooglePreferred

സന്തോഷിക്ക് ഡെപ്യൂട്ടി കളക്ടറായി നിയമനം നല്‍കിയതായി തെലങ്കാന സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. സന്തോഷ് ബാബുവിന്റെ വസതിയിലെത്തിയ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ നിയമന ഉത്തരവ് കൈമാറുകയായിരുന്നു.

ഒപ്പം തന്നെ നാല് കോടി രൂപ സന്തോഷിക്കും ഒരു കോടി രൂപ സന്തോഷ് ബാബുവിന്റെ മാതാപിതാക്കള്‍ക്കും മുഖ്യമന്ത്രി ധനസഹായം നല്‍കിയിരുന്നു. ഹൈദരാബാദില്‍ 711 ചതുരശ്ര അടി സ്ഥലവും നല്‍കുന്നതായി ചന്ദ്രശേഖര്‍ റാവു അറിയിച്ചിട്ടുണ്ട്.

ബീഹാർ റെജിമെന്റിന്റെ 16-ാമത്തെ ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ ആയിരുന്ന കേണൽ സന്തോഷ് ബാബുവടക്കമുള്ള സൈനികര്‍ ജൂൺ 15 ന് രാത്രി ഗാൽവാൻ താഴ്‌വരയില്‍ വച്ച് ചൈനീസ് സൈനികരുമായുണ്ടായ സംഘര്‍ഷത്തിലാണ് വീരമൃത്യു വരിച്ചത്.