ഭര്‍ത്താവിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വ്യോമസേനയിലെ ദൗത്യമെന്നും അദ്ദേഹത്തിന്‍റെ ആഗ്രഹം സഫലമാക്കാന്‍ വേണ്ടിയാണ് പരീക്ഷ എഴുതി വിജയിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ഗരിമ പറഞ്ഞു.
ദില്ലി: പരീക്ഷണ പറക്കലിനിടെ മിറാഷ് യുദ്ധവിമാനം തകര്‍ന്നുമരിച്ച സൈനികന്‍റെ ഭാര്യ വ്യോമസേനയിലേക്ക്. മിറാഷ് വിമാനം തകര്‍ന്നുമരിച്ച വൈമാനികന്‍ സമിര്‍ അബ്രോലിന്‍റെ ഭാര്യ ഗരിമ അബ്രോലാണ് ഭര്‍ത്താവിന്‍റെ പാത പിന്തുടര്‍ന്ന് വ്യോമസേനയിലേക്ക് എത്തുന്നത്.
തെലങ്കാനയിലെ ദുണ്ടിഗല്ലിലെ ഐഎഎഫ് അക്കാദമിയിലാണ് ഗരിമ പ്രവേശനം നേടുന്നത്. ഭര്‍ത്താവിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വ്യോമസേനയിലെ ദൗത്യമെന്നും അദ്ദേഹത്തിന്‍റെ ആഗ്രഹം സഫലമാക്കാന്‍ വേണ്ടിയാണ് പരീക്ഷ എഴുതി വിജയിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ഗരിമ പറഞ്ഞു.
ഇന്ത്യക്കാരനായതില്‍ അഭിമാനിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. എല്ലാ സൈനികരുടെയും ഭാര്യമാരെപ്പോലെ എനിക്കും ഭര്‍ത്താവ് യുദ്ധഭൂമിയിലേക്ക് പോകുന്നതില്‍ ഭയമുണ്ടായിരുന്നു. എന്നാല്‍ യുദ്ധത്തിന് പോയാല്‍ മാത്രമെ ജോലി പൂര്‍ണമാകൂ എന്ന് സമിര്‍ പറയുമായിരുന്നു. എപ്പോള്‍ ആവശ്യം വന്നാലും രാജ്യത്തെ സേവിക്കാന്‍ ഒരു സൈനികന്‍ തയ്യാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തെപ്പോലെ ധൈര്യമുള്ളവളാകണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു- ഗരിമ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി ഒന്നിനാണ് ബെംഗളൂരു എച്ച് എ എല്‍ വിമാനത്താവളത്തില്‍വച്ച് പരീക്ഷണ പറക്കലിനിടെ മിറാഷ് 2000 എന്ന യുദ്ധവിമാനം തകര്‍ന്നുണ്ടായ അപകടത്തിലാണ് സ്ക്വാഡ്രണ്‍ ലീഡര്‍മാരായ സമിറും സിദ്ധാര്‍ഥ് യോഗിയും മരിക്കുന്നത്. ഫിസിയോതെറാപ്പിസ്റ്റും സൂംബ പരിശീലകയുമാണ് ഗരിമ.
