ഹൈദരാബാദ്: രണ്ടാമത് വിവാഹം കഴിക്കുന്നതിനായി ഐപിഎസ് ട്രെയിനി ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി ഭാര്യയുടെ പരാതി. ഹൈദരാബാദ് സ്വദേശിയായ 28 -കാരി ബ്രിദുല ഭാവനയാണ് ഭര്‍ത്താവായ ഐപിഎസ് ട്രെയിനി വെങ്കട്ട മഹേശ്വര റെഡ്ഡിക്കെതിരെ പരാതി നല്‍കിയത്. 2019-ല്‍ ഐപിഎസ് സെലക്ഷന്‍ നേടിയ വെങ്കട്ട മഹേശ്വര റെഡ്ഡി ഇപ്പോള്‍ മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസിട്രേഷനില്‍ ട്രെയിനിങിലാണ്. 

ഒമ്പതു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ബ്രിദുലയും മഹേശ്വര റെഡ്ഡിയും വിവാഹതിരാകുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. പിന്നീട് മസൂറിയിലേക്ക് പോയ ശേഷം മറ്റൊരു വിവാഹം കഴിക്കാനായി മഹേശ്വര്‍ തന്നെ അവഗണിക്കുകയാണെന്നാണ് ബ്രിദുല പറയുന്നത്.  ദളിത് വിഭാഗത്തില്‍പ്പെട്ട ബ്രിദുലയെ വിവാഹം കഴിക്കാന്‍ മാതാപിതാക്കള്‍ സമ്മതിക്കാത്തതിനാല്‍ സിവില്‍ സര്‍വ്വീസ് നേടിക്കഴിഞ്ഞ ശേഷം വീട്ടില്‍ അറിയിക്കാം എന്നാണ് മഹേശ്വര്‍ പറഞ്ഞതെന്നും ബ്രിദുല കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സിവില്‍ സര്‍വ്വീസ് സ്വന്തമാക്കിയ ശേഷം ഉയര്‍ന്ന ജാതിയില്‍പ്പെട്ട, കൂടുതല്‍ സമ്പത്തുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായി ബോധപൂര്‍വ്വം തന്നെ ഒഴിവാക്കുകയാണെന്നും വിവാഹം കഴിഞ്ഞ വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് മഹേശ്വര്‍ ഭീഷണിപ്പെടുത്തിയെന്നും ബ്രിദുല ആരോപിച്ചു. വിവാഹമോചനത്തിന് തയ്യാറാകാത്തത് കൊണ്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. 

ഓസ്മാനിയ സര്‍വ്വകലാശാലയില്‍ വെച്ചാണ് ബ്രിദുലയും മഹേശ്വറും കണ്ടുമുട്ടുന്നത്. മഹേശ്വറാണ് ആദ്യം പ്രണയാഭ്യര്‍ത്ഥന നടത്തിയത്. വിവാഹം കഴിക്കാമെന്നും അതിന് ശേഷം മാതാപിതാക്കളോട് പറഞ്ഞ് സമ്മതിപ്പിക്കാമെന്നും ഇയാള്‍ ബ്രിദുലയോട് പറഞ്ഞു. ട്വിറ്ററിലൂടെ തങ്ങളുടെ വിവാഹ ഫോട്ടോയും സര്‍ട്ടിഫിക്കറ്റും ബ്രിദുല പങ്കുവെച്ചിട്ടുണ്ട്. മഹേശ്വറിന് ഉന്നത ബന്ധമുണ്ടെന്നും തനിക്ക് സംരക്ഷണം ലഭ്യമാക്കണമെന്നും ബ്രിദുല ആവശ്യപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മഹേശ്വറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.