ആഗോള ഊർജ വിപണിയിലെ അസ്ഥിരതകൾക്കിടയിലും വരും മാസങ്ങളിൽ എണ്ണ, പാചകവാതക വിലകൾ കുറഞ്ഞേക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി സൂചന നൽകി. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും വിപണി ശാന്തമാകുന്നതോടെ വിലയിൽ കുറവുണ്ടാകുമെന്നും, പ്രതിസന്ധി നേരിടാൻ ഇന്ത്യയുടെ കരുതൽ ശേഖരം പര്യാപ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള ഊർജ വിപണിയിലെ അസ്ഥിരതകൾക്കിടയിലും വരും മാസങ്ങളിൽ എണ്ണ, പാചകവാതക വിലകൾ കുറഞ്ഞേക്കുമെന്ന് സൂചന നൽകി കേന്ദ്ര സർക്കാർ. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ആഗോള വിപണി ശാന്തമാകുന്നതോടെ വിലയിൽ കുറവുണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എണ്ണവില ദീർഘകാലത്തേക്ക് ഇപ്പോഴത്തെ ഉയർന്ന നിരക്കിൽ തുടരില്ലെന്നാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ മെയ് പകുതിയോടെ പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവില വർദ്ധിപ്പിച്ചു തുടങ്ങിയിരുന്നു. ഇതിനോടകം നാല് തവണ ഇന്ധനവിലയും രണ്ട് തവണ ഗാർഹിക എൽ.പി.ജി വിലയും വർദ്ധിപ്പിച്ചു. പുതിയ പരിഷ്കരണങ്ങൾക്ക് ശേഷം പെട്രോൾ വിലയിൽ 7.8 ശതമാനവും ഡീസൽ വിലയിൽ 8.6 ശതമാനവും വർദ്ധനവാണ് രേഖപ്പെടുത്തിയതെന്നും ഹർദീപ് സിംഗ് പുരി കൂട്ടിച്ചേർത്തു.

വിപണിയെ ഉലച്ച ആഗോള പ്രതിസന്ധി

ഫെബ്രുവരിയിൽ അന്താരാഷ്ട്ര തലത്തിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ആഗോള അസംസ്‌കൃത എണ്ണവിലയിൽ ഏകദേശം 40 ശതമാനത്തോളം വർദ്ധനവാണ് ഉണ്ടായത്. ഇതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനടുത്തെത്തി. ലോകത്തിലെ എണ്ണ- വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള (Strait of Hormuz) കപ്പൽ ഗതാഗതത്തെ ഈ സംഘർഷം സാരമായി ബാധിച്ചു. എന്നാൽ, നിലവിലെ സംഘർഷങ്ങൾ മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിച്ചാൽ സാഹചര്യം കൂടുതൽ ആശങ്കാജനകമായേക്കാമെന്നുെം മന്ത്രി മുന്നറിയിപ്പ് നൽകി.

ഇന്ത്യയുടെ കരുതൽ ശേഖരവും ബദൽ മാർഗങ്ങളും

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ ഈ വിതരണ തടസം നേരിട്ട് ബാധിച്ചിട്ടുണ്ട്. സംഘർഷത്തിന് മുൻപ് ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനത്തിലധികവും, ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി ഇറക്കുമതിയുടെ 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തിയിരുന്നത്. എന്നാൽ, പ്രതിസന്ധി മറികടക്കാൻ ഇന്ത്യ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. പെട്ടെന്നുണ്ടാകുന്ന വിതരണ തടസങ്ങൾ നേരിടാൻ ഇന്ത്യയ്ക്ക് 76 മുതൽ 80 ദിവസം വരെയുള്ള തന്ത്രപ്രധാനമായ എണ്ണ- വാതക കരുതൽ ശേഖരമുണ്ടെന്ന് (Strategic Reserves) കേന്ദ്രമന്ത്രി വ്യക്തമാക്കി. പശ്ചിമേഷ്യയിൽ നിന്നുള്ള വിതരണത്തിലെ കുറവ് നികത്താൻ അമേരിക്ക, കാനഡ തുടങ്ങിയ പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള വിതരണക്കാർക്ക് സാധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ആഗോള വിപണി ഉടൻ ശാന്തമാകുമെന്ന പ്രതീക്ഷയിലാണ് നയരൂപീകരണ വിദഗ്ധരെങ്കിലും, ഗൾഫ് മേഖലയിൽ സംഘർഷം വീണ്ടും ബലപ്പെട്ടാൽ അത് ഇന്ത്യയിൽ പണപ്പെരുപ്പം (Inflation) വർദ്ധിക്കാൻ കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.