മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് എംപി ഹുസ്സൈന്‍ ദല്‍വായി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തിനനുസരിച്ച് മാത്രമെ കോണ്‍ഗ്രസ് എംഎ‍ല്‍എമാര്‍ പ്രവര്‍ത്തിക്കൂ എന്ന് ഉറപ്പുണ്ടെന്നും ദല്‍വായി പറഞ്ഞു.

എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും ഒരുമിച്ച് നില്‍ക്കും. ഒരു എംഎല്‍എ പോലും പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോകില്ല. ഹൈക്കമാന്‍ഡിന്‍റെ നിര്‍ദ്ദേശം അനുസരിച്ചാകും അവര്‍ പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ അനുവദിക്കില്ല. മഹാരാഷ്ട്രയെ രക്ഷിക്കാന്‍ വേണ്ടിയാണ് ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ടു ചെയ്തതെന്നും ദല്‍വായി മുംബൈയില്‍ പറഞ്ഞു. 

അതേസമയം കാവൽ മന്ത്രിസഭയുടെ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ, മഹാരാഷ്ട്രയിലെ തങ്ങളുടെ എംഎൽഎമാരെ കോൺഗ്രസ് നേതൃത്വം റിസോര്‍ട്ടിലേക്ക് മാറ്റും. രാജസ്ഥാനിലെ ജയ്‌പൂരിലുള്ള റിസോര്‍ട്ടിലേക്കാണ് ഇവരെ മാറ്റുന്നത്. രാജസ്ഥാനില്‍ കോൺഗ്രസ് സര്‍ക്കാര്‍ അധികാരത്തിലുള്ളതിനാലാണ് ഈ തീരുമാനം.

ഇതിനായി എല്ലാ എംഎൽഎമാരോടും അടിയന്തിരമായി മുംബൈയിലേക്ക് എത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ബിജെപിയുടെ ശ്രമങ്ങളെ പരമാവധി സമ്മ‍ര്‍ദ്ദത്തിലാക്കുകയാണ് ശിവസേന. ശിവസേനയെ അനുനയിപ്പിക്കാൻ ആർഎസ്എസ് നേതാക്കളെ രംഗത്തിറക്കിയിരിക്കുകയാണ് ബിജെപി.