ലഖ്‍നൗ: ഉത്തർപ്രദേശ് സർക്കാരിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ഉന്നാവിലെ പെൺകുട്ടിയുടെ ബന്ധുബിജെപി എംഎൽഎ കുൽദീപ് സെംഗാറിന്‍റെ ഭാഗത്ത് നിന്ന് നിരന്തരമായി ഭീഷണിയുണ്ടായിരുന്നു. ജയിലിൽപ്പോയിട്ടും കുൽദീപ് സെംഗാർ ഫോണിൽ നിന്ന് നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഇനിയും എംഎൽഎ ഭീഷണി തുടരും. പെൺകുട്ടിയുടെ സഹോദരനെക്കൂടി കൊല്ലുമോ എന്ന ഭയമുണ്ടെന്നും പെൺകുട്ടിയുടെ ബന്ധു ലഖ്‍നൗവിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഉന്നാവ് പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇപ്പോഴും പെൺകുട്ടി വെന്‍റിലേറ്ററിലാണ്. പെൺകുട്ടിയുടെ അഭിഭാഷകന്‍റെ നിലയും അതീവ ഗുരുതരമാണ്. ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പെൺകുട്ടിയെ ആശുപത്രിയിലെത്തി കണ്ടു. യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവടക്കം നിരവധി പ്രധാനപ്പെട്ട നേതാക്കൾ ലഖ്‍നൗവിലെ സ്വകാര്യ ആശുപത്രിയിലെത്താനാണ് സാധ്യത.

ഇതിനിടെ, കേസന്വേഷണം ഉടനടി സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയും അഭിഭാഷകനും ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയ്ക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചു. വാഹനാപകടം നടന്നതിലെ ദുരൂഹതകൾ അന്വേഷണ സംഘം മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും അന്വേഷണം അട്ടിമറിയ്ക്കപ്പെടുന്നുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം. 

എഫ്ഐആറിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ഇതിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് വാഹനാപകടക്കേസിലെ എഫ്ഐആറിൽ പുറത്തു വരുന്നത്. പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ പെൺകുട്ടി സ‍ഞ്ചരിച്ച ഓരോ വഴികളും ബിജെപി എംഎൽഎയ്ക്ക് തൽസമയം ഫോണിൽ കൈമാറാറുണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. കുൽദീപ് സെംഗാർ ജയിലിലായ ശേഷവും പെൺകുട്ടിയെ ഫോണിൽ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. സെംഗാറിനും സഹോദരനുമടക്കം പത്ത് പേർക്കെതിരെ വാഹനാപകടക്കേസിൽ കൊലക്കുറ്റം ചുമത്തിയിരുന്നു. അപകടത്തിന് പിന്നിൽ ബിജെപി എംഎൽഎയാണെന്ന് കുടുംബം നിരന്തരം ആരോപിച്ചിരുന്നു.

എംഎൽഎയുടെ ഭീഷണിയെക്കുറിച്ച് പരാതി പറയാൻ പൊലീസ് സ്റ്റേഷനിൽച്ചെന്നാൽ പൊലീസ് പരാതി സ്വീകരിക്കാതെ ഒത്തുതീർപ്പാക്കാനാണ് ആവശ്യപ്പെടാറ് എന്നാണ് പെൺകുട്ടിയുടെ അമ്മാവൻ ആരോപിക്കുന്നത് എന്ന് എഫ്ഐആറിൽ പറയുന്നു. സെംഗാർ എംഎൽഎയാണ്, വലിയ ആളാണ്, അതുകൊണ്ട് എഫ്ഐആർ റജിസ്റ്റർ ചെയ്താൽ ജോലി പോകുമെന്ന് പൊലീസുകാർ പറയാറുണ്ടെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു.