ബിജെപിയുടെ മിഷൻ സൗത്തിന്‍റെ ഭാഗമായി രാമനാഥപുരം, കന്യാകുമാരി, കോയമ്പത്തൂര്‍ മണ്ഡലങ്ങളിലൊന്നിൽ നിന്ന് നരേന്ദ്ര മോദി മത്സരിക്കുമെന്ന അഭ്യൂഹം ഏറെ നാളായുണ്ട്.

ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുമെന്ന അഭ്യൂഹം ഏറെ നാളായി ശക്തമാണ്. കന്യാകുമാരിയോ കോയമ്പത്തൂരോ മോദി മത്സരിക്കുമെന്നാണ് പ്രചാരണം. മോദി തമിഴ്നാട്ടിലും മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിര്‍ത്തുകയാണ് ബിജെപി സംസ്ഥാന ഘടകവും. തമിഴ്നാട് ബിജെപി മോദിയുടെ വരവ് ആഗ്രഹിക്കുന്നുണ്ടെന്ന് മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ബിജെപിയുടെ മിഷൻ സൗത്തിന്‍റെ ഭാഗമായി രാമനാഥപുരം, കന്യാകുമാരി, കോയമ്പത്തൂര്‍ മണ്ഡലങ്ങളിലൊന്നിൽ നിന്ന് നരേന്ദ്ര മോദി മത്സരിക്കുമെന്ന അഭ്യൂഹം ഏറെ നാളായുണ്ട്. 2014ൽ കന്യാകുമാരിയിൽ നിന്ന് ജയിച്ച് കേന്ദ്രമന്ത്രിയായ പൊൻ രാധാകൃഷ്ണനും മോദിയുടെ വരവിനുള്ള സാധ്യത തള്ളുന്നില്ല. എന്നാൽ തമിഴ്നാട്ടിൽ മോദി മത്സരിക്കുമോ എന്ന കാര്യത്തിൽ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിൽ നിന്നും ബിജെപിയുടെ താഴെ തട്ടിലും യാതൊരു തരത്തിലുള്ള സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

ആറുമാസങ്ങൾക്ക് മുമ്പാണ് പ്രചാരണത്തിനടിസ്ഥാനമായ പരാമർശം ഉണ്ടാവുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ഇത് സംബന്ധിച്ചൊരു സൂചന നൽകിയിരുന്നു. രാമനാഥ പുരത്ത് നരേന്ദ്രമോദി മത്സരിക്കാൻ സാധ്യതയുണ്ട് എന്ന പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ പദയാത്ര കേരളത്തിലും ചലനമുണ്ടാക്കുമെന്നും പൊൻ രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സംസ്ഥാനത്തെ 39 മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന കെ അണ്ണാമലൈയുടെ പദയാത്ര ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവാകുമെന്നും പൊൻരാധാകൃഷ്ണൻ അവകാശപ്പെട്ടു. തമിഴ് നാട്ടിലെ മുന്നണി നേതൃത്വം ആര്‍ക്കെന്നതിൽ എഐഎഡിഎംകെയുമായി പരസ്യപോര് തത്ക്കാലം വേണ്ടെന്നും പൊൻ രാധാകൃഷ്ണൻ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 39 ലോകസഭ സീറ്റിലും ജയിക്കാനാണ് ബിജെപിയുടെ ശ്രമം, അതിനായി എല്ലാവരും അധ്വാനിക്കുമെന്നും പൊൻ രാധാകൃഷ്ണൻ പറഞ്ഞു.

Read More : വിഷം കഴിച്ചു, പെൺകുഞ്ഞുമായി അമ്മ പുഴയില്‍ ചാടി ജീവനൊടുക്കി; ഭർത്താവടക്കമുള്ള പ്രതികള്‍ക്ക് ജാമ്യമില്ല, ഒളിവിൽ