അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഗുജറാത്തിലെ നമസ്തേ ട്രംപ് പരിപാടിക്കിടെ പ്രതിഷേധിക്കുമെന്ന് ഭീഷണിയുമായി കോണ്‍ഗ്രസ്. പരിപാടി നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തിന് സമീപത്താണ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പട്ടികജാതി തൊഴില്‍ സംവരണത്തിനെതിരെയുള്ള സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാരോപിച്ചാണ് ട്രംപും മോദിയും പങ്കെടുക്കുന്ന വേദിക്കരികില്‍ സമരം നടത്തുമെന്ന് കോണ്‍ഗ്രസ് ഭീഷണി മുഴക്കിയത്. പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടായില്ലെങ്കില്‍ ട്രംപ് എത്തുമ്പോള്‍ വേദിക്ക് പുറത്ത് പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മുന്നറിയിപ്പ് ഗുജറാത്ത് സര്‍ക്കാറിന് തലവേദനയായിരിക്കുകയാണ്. ട്രംപിന്‍റെ ഗുജറാത്ത് സന്ദര്‍ശനത്തിന് 100 കോടി രൂപക്ക് മുകളിലാണ് ചെലവാക്കുന്നത്. മൂന്ന് മണിക്കൂറാണ് അഹമ്മദാബാദില്‍ ട്രംപ് ചെലവഴിക്കുന്നത്. മൊട്ടേര സ്റ്റേഡിയത്തിലെ നമസ്തേ ട്രംപ് പരിപാടിക്ക് ശേഷം സബര്‍മതിയും സന്ദര്‍ശിക്കും. വന്‍ സുരക്ഷാ സന്നാഹമാണ് ട്രംപിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഒരുക്കിയിരിക്കുന്നത്. പതിനായിരത്തോളം പൊലീസുകാരെയാണ് വിന്യസിക്കുന്നത്. മോദിയും ട്രംപും റാലി നടത്തുന്ന പാതയ്ക്കരികിലെ ചേരി മതില്‍ കെട്ടി മറച്ചത് നേരത്തെ വിവാദമായിരുന്നു. കോടിക്കണക്കിന് രൂപ മുടക്കി നഗരം മോടിപിടിപ്പിക്കലും നടക്കുന്നുണ്ട്. സര്‍ക്കാര്‍ ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്നും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാമെന്നുമായിരുന്നു വിവാദമായ സുപ്രീം കോടതി വിധി.