ദില്ലി: രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദത്തിലേക്ക് മടങ്ങിയെത്തുമെന്ന് സൂചന. അടുത്ത മാസം എഐസിസി സമ്മേളനം വിളിച്ച് പ്രഖ്യാപനം നടത്താൻ നീക്കം നടക്കുന്നതായാണ് വിവരം. രാഹുലിന്‍റെ മടങ്ങി വരവ് അനിവാര്യതയായി മാറിയെന്ന് സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ലോക്സഭ തോൽവിക്ക് പിന്നാലെ കഴിഞ്ഞ ജൂലൈയിലായിരുന്നു  രാഹുലിന്‍റെ പടിയിറക്കം. അഞ്ചുമാസം പിന്നിടുമ്പോൾ രാഹുലിനെ കോൺഗ്രസിന്‍റെ തലപ്പത്തേക്ക് മടക്കിക്കൊണ്ടുവരാൻ അണിയറ നീക്കങ്ങൾ സജീവമാണ്. അടുത്തമാസം എഐസിസി സമ്മേളനം വിളിച്ച് സോണിയ ഗാന്ധി രാഹുലിനായി വഴിയൊരുക്കും എന്ന സൂചനയാണ് പുറത്തുവരുന്നത്. ലോക്സഭ തോൽവിയുടെ പിന്നാലെ വികാരപരമായ തീരുമാനമായിരുന്നു രാഹുലെടുത്തതെന്നും മടങ്ങി വരവ് അനിവാര്യതയായി മാറിയെന്നും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രദേശ് കോൺഗ്രസ് കമ്മറ്റികളെല്ലാം ഒറ്റക്കെട്ടായി രാഹുലിനായി മുറവിളി കൂട്ടുകയാണ്. എന്നാൽ അനുകൂല പ്രതികരണം രാഹുൽ ഇതുവരെ നടത്തിയിട്ടില്ല. സോണിയാ ഗാന്ധി പ്രതിസന്ധി മറികടക്കാൻ തല്‍ക്കാലം ചുമതല ഏറ്റെടുക്കുകയായിരുന്നു. ഗാന്ധി കുടുംബത്തിൽ നിന്ന് തന്നെയാകണം കോൺഗ്രസ് പ്രസിഡന്‍റ് എന്ന വികാരമാണ് മുതിർന്ന നേതാക്കൾ പങ്കുവയ്ക്കുന്നത്. പ്രിയങ്ക തയ്യാറാകാത്ത സാഹചര്യത്തിൽ രാഹുലിനെ മടക്കിക്കൊണ്ട് വരൽ ഏത് രീതിയിൽ വേണമെന്ന ആലോചനയിലാണ് നേതാക്കൾ എന്ന് അറിയുന്നു.