ചെന്നൈ: തമിഴ്നാട്ടില്‍ ബാനറുകള്‍ നിര്‍ത്തലാക്കുമെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍. ചെന്നൈയില്‍ ഫ്ലക്സ് വീണ് മരിച്ച ശുഭശ്രീയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി ഫണ്ടില്‍ നിന്നും ശുഭശ്രീയുടെ കുടുംബത്തിന് സ്റ്റാലിന്‍ അ‍ഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറി.

നിയമാനുസൃതമല്ലാതെ ഡിഎംകെ ഇനി മുതല്‍ ബാനറുകള്‍ സ്ഥാപിക്കില്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഒന്നോ രണ്ടോ ബാനറുകള്‍ മാത്രം സ്ഥാപിക്കുമെന്നും പ്രവര്‍ത്തകരില്‍ ആരെങ്കിലും ഇതിന് വിരുദ്ധമായി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് ശുഭശ്രീയുടെ തലയില്‍ ഫ്ലക്സ് പൊട്ടി വീണത്. തുടര്‍ന്ന് പിന്നാലെ വന്ന ടാങ്കർ സ്കൂട്ടറിലിടിച്ചാണ്  ശുഭശ്രീ മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശുഭശ്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെന്നൈ പള്ളിക്കരണിയിലെ പ്രധാന പാതയില്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഡിവൈഡറിന് മുകളില്‍ ഫ്ലക്സ് സ്ഥാപിച്ചത്. സംഭവത്തിൽ സർക്കാരിനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പൊതുസ്ഥലത്ത് ഫ്ലക്സ് നിരോധനം സംസ്ഥാനത്ത് നടപ്പാക്കാത്തത് സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്നും വിഷയത്തില്‍ ഉത്തരവുകള്‍ ഇറക്കി മടുത്തെന്നും കോടതി പ്രതികരിച്ചിരുന്നു.