ഡബ്ലുഎച്ച്ഒ മരണം കണക്ക് കൂട്ടാൻ അവംലബിക്കുന്ന രീതി തെറ്റാണ് എന്നാണ് സർക്കാര്‍ പറയുന്നത്. ഇതിനോടകം  ആറ് തവണ കത്തെഴുതിയും ഒപ്പം വിര്‍ച്വല്‍ മീറ്റുങ്ങിലൂടെയും സർക്കാര്‍ ലോകാര്യോഗ സംഘടനയെ എതിര്‍പ്പ് അറിയിച്ചു കഴിഞ്ഞു.  

ദില്ലി: കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന വിവാദത്തിനും റിപ്പോര്‍ട്ടുകള്‍ക്കും ചിലപ്പോള്‍ നാളെ തന്നെ ഉത്തരം കിട്ടിയേക്കും. ക്രോഡീകരിച്ച ലോകത്തെ കൊവിഡ് മരണ കണക്കുകള്‍ ഉടൻ തന്നെ പുറത്ത് വിടാൻ തയ്യാറെടുക്കുകയാണ് ലോകാരോഗ്യസംഘടന. നിലവിലെ ഔദ്യോഗിക മരണക്കുകൾ ചോദ്യം ചെയ്യുന്നതാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകളെന്നതിനാൽ മുള്‍മുനയിലാണ് പല രാജ്യങ്ങളും.

ലോകാരോഗ്യസംഘടനയുടെ പുറത്ത് വരുന്ന കണക്കുകളെ ആശങ്കയോടെ കാണുന്ന പ്രധാനപ്പെട്ട രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. കാരണം ഇന്ത്യയുടെ ഔദ്യോഗ കണക്കും ലോകാരോഗ്യസംഘടനയുടെ കണക്കും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ രാജ്യത്ത് അഞ്ച് ലക്ഷം കൊവി‍ഡ് മരണം എന്നതാണ് കേന്ദ്രസർക്കാരിന്‍റെ കണക്ക്. എന്നാല്‍ ലോകാരോഗ്യ സംഘടന പറയുന്നത് ഇന്ത്യയിൽ യഥാര്‍ത്ഥത്തില്‍ 40 ലക്ഷം പേര്‍ കൊവിഡ് ബാധിച്ചു മരിച്ചുവെന്നാണ്. 

ന്യൂയോർക്ക് ടൈംസാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തല്‍ എന്ന പേരില്‍ ഈ കണക്കുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ റിപ്പോര്‍ട്ട് ചർച്ചയായതോടെ ഇന്ത്യ വിഷയത്തില്‍ ഇടപെട്ടു. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ ശരിയല്ലെന്ന് കേന്ദ്രസർക്കാർ വിമർശിച്ചു. ഡബ്ലുഎച്ച്ഒ മരണം കണക്ക് കൂട്ടാൻ അവംലബിക്കുന്ന രീതി തെറ്റാണ് എന്നാണ് സർക്കാര്‍ പറയുന്നത്. ഇതിനോടകം ആറ് തവണ കത്തെഴുതിയും ഒപ്പം വിര്‍ച്വല്‍ മീറ്റുങ്ങിലൂടെയും സർക്കാര്‍ ലോകാര്യോഗ സംഘടനയെ എതിര്‍പ്പ് അറിയിച്ചു കഴിഞ്ഞു. 

ഇന്ത്യയുടെ എതിര്‍പ്പ് കാരണം ലോകാരോഗ്യസംഘടന കണക്കുകള്‍ പുറത്ത് വിടുന്നത് വൈകുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതൽ പേർ കൊവിഡ‍് ബാധിച്ച് മരിച്ചത് ഡെല്‍റ്റ വ്യാപനം ഉണ്ടായ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മെയ് മാസത്തിലാണെന്നും കണ്ടെത്തലായി പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന ഇന്ത്യ ആകെ മരണക്കുകള്‍ ചേർത്തിട്ടുള്ള പുതിയ സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റം കണക്കുകളും പ്രതിരോധത്തിനായി ഉയർത്തിക്കാട്ടുന്നുണ്ട്. 2019 ല്‍ ഇന്ത്യയിൽ കൊവിഡും കൊവിഡല്ലാത്ത മരണവും ഉള്‍പ്പെടെ ആകെ രജിസ്റ്റര്‍ ചെയ്തത് 76 ലക്ഷം മരണമാണ്. 

ഇത് 2020 ല്‍ 81 ലക്ഷമായി. ആകെ ആറ് ശതമാനത്തിന്‍റെ വര്‍ധന മഹാമാരി ആ‌ഞ്ഞടിച്ച് വര്‍ഷം ഇന്ത്യയിലുണ്ടായെന്നാണ് സർക്കാർ കണക്ക്. ഇതില്‍ കൊവിഡ‍് മരണമായി 2020 ല്‍ രജിസ്റ്റർ ചെയ്തത് 1.42 ലക്ഷമാണെന്നും രജിസ്ട്രാർ ജനറലിന്‍റെ കണക്കുകളെ ഉദ്ദരിച്ച് സർക്കാര്‍ പറയുന്നു. അതേസമയം ആഗോള തലത്തില്‍ അറുപത്തിയൊന്ന് ലക്ഷം പേര്‍ മരിച്ചുവെന്ന കണക്കുകളാണ് ഇപ്പോൾ ഉള്ലത്. എന്നാല്‍ ഒരു കോടി അന്‍പത് ലക്ഷം പേരാണ് യഥാർത്ഥത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചതെന്ന് ലോകാരോഗ്യസംഘടന കണ്ടെത്തിയെന്നാണ് വിവരം. 

ലോകാരോഗ്യസംഘടനക്കായി ലോകത്തെ വിവിധ വിദഗ്ധര്‍ ഒരു വര്‍ഷത്തോളം പഠനവും വിശകലനവും നടത്തിയാണ് 2021 അവസാനം വരെയുള്ള കണക്കുകള്‍ പുറത്ത് വിടുന്നതെന്നാണ് സംഘടനയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരം. ഇന്ത്യക്കൊപ്പം തന്നെ ചൈന, ബംഗ്ലാദേശ്, ഇറാന്‍ സിറിയ തുടങ്ങിയ രാജ്യങ്ങളും കണക്കുകളെ കുറിച്ച് ലോകാരോഗ്യസംഘടനയെ എതിർപ്പ് അറിയിച്ചിട്ടുണ്ട്.