ബെംഗലുരു: ക‍ർണ്ണാടകത്തിൽ സർക്കാരുണ്ടാക്കാൻ കാത്തിരിക്കാൻ തയ്യാറാണെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. ജെഡിഎസും കോൺഗ്രസ്സും തമ്മിൽ ആഭ്യന്തര സംഘ‍ർഷം രൂക്ഷമാണെന്നും അവ‍ർ വേഗത്തിൽ അവരവരുടെ വീട്ടിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷയെന്നും യെദ്യൂരപ്പ പറഞ്ഞു.

"തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനത്തെ കൊണ്ടുപോകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവ‍ർ തമ്മിൽ തല്ലി വീട്ടിൽ പോകുമെന്ന് ഞങ്ങൾക്കുറപ്പാണ്. ഞങ്ങൾ കാത്തിരിക്കും. ഞങ്ങൾ 105 എംഎൽഎമാരുണ്ട്. ഞങ്ങൾ കാത്തിരിക്കാൻ തയ്യാറാണ്," യെദ്യൂരപ്പ വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 28 ൽ 25 സീറ്റിലും ബിജെപി സ്ഥാനാ‍ർത്ഥികളാണ് വിജയിച്ചത്. സംസ്ഥാന ഭരണം കൈയ്യിലുണ്ടായിട്ടും ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കോൺഗ്രസ്-ജെ‍‍ഡിഎസ് സ‍ർക്കാരിന് സാധിച്ചില്ല. സംസ്ഥാനത്ത് ഓപ്പറേഷൻ താമരയിലൂടെ ജെഡിഎസ്, കോൺഗ്രസ് എംഎൽഎ മാരെ വിലക്കെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കിടെയാണ് യെദ്യൂരപ്പ കാത്തിരിക്കാൻ തയ്യാറാണെന്ന് പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തെ 20 കോൺഗ്രസ് എംഎൽഎമാ‍ർ അസംതൃപ്തരാണെന്നും, സംസ്ഥാനത്ത് ഭരണത്തിലെത്തുന്നത് സംബന്ധിച്ച് തങ്ങളുടെ തീരുമാനം വേഗത്തിലുണ്ടാകുമെന്നും യെദ്യൂരപ്പ നേരത്തെ പറഞ്ഞിരുന്നു