ദിവസങ്ങൾക്ക് മുൻപ് ഗ്രാമത്തിൽ മധ്യവയസ്കയായ സ്ത്രീ മരിച്ചത് 35കാരൻ ദുർമന്ത്രവാദം നടത്തിയതിന് പിന്നാലെയെന്ന് ആരോപിച്ചായിരുന്നു മർദ്ദനവും കൊലപാതകവും
ഗജപതി: ഒഡിഷയിൽ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് 35കാരന്റെ സ്വകാര്യ ഭാഗങ്ങൾ മുറിച്ച് മാറ്റിയ ശേഷം കൊലപ്പെടുത്തി മൃതദേഹം ഡാമിൽ തള്ളിയതായി റിപ്പോർട്ട്. നിരവധി പേർ സംഘം ചേർന്നാണ് അക്രമം നടത്തിയതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒഡീഷയിലെ ഗജപതി ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായതെന്നാണ് റിപ്പോർട്ട്. മൊഹാന പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മലാസപാദാർ ഗ്രാമത്തിലാണ് 35വയസുകാരനായ ഗോപാലാണ് ക്രൂരമായ പീഡനത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ടത്.
ഹാരാഭംഗി അണക്കെട്ടിലാണ് 35കാരന്റെ മൃതദേഹം അക്രമികൾ ഉപേക്ഷിച്ചത് എന്നാണ് പൊലീസ് വിശദമാക്കുന്നത്. ഞായറാഴ്ച രാവിലെയാണ് മൃതദേഹം പൊലീസ് ഡാമിൽ നിന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമവാസികളായ 14 പേരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ഗ്രാമത്തിൽ മധ്യവയസ്കയായ സ്ത്രീ മരിച്ചത് 35കാരൻ ദുർമന്ത്രവാദം നടത്തിയതിന് പിന്നാലെയെന്ന് ആരോപിച്ചായിരുന്നു മർദ്ദനവും കൊലപാതകവുമെന്നാണ് സബ് ഡിവിഷണൽ പൊലീസ് ഓഫീസറായ സുരേഷ് ചന്ദ്ര ത്രിപാഠി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
കിംവദന്തികൾക്ക് പിന്നാലെ കുടുംബാംഗങ്ങളുമായി ആക്രമണം ഭയന്ന ഭാര്യാപിതാവിന്റെ വീട്ടിലാക്കിയ ശേഷം കുറച്ച് അത്യാവശ്യ സാധനങ്ങൾ എടുക്കാൻ തിരിച്ചെത്തിയ സമയത്താണ് അക്രമി സംഘം യുവാവിനെ ആക്രമിച്ചത്. തന്റെ കന്നുകാലികളെയും ആടുകളെയും നോക്കാൻ ബന്ധുവിനോട് ആവശ്യപ്പെട്ടശേഷമായിരുന്നു ഗഞ്ചം ജില്ലയിലെ ഭാര്യാപിതാവിന്റെ വീട്ടിലേക്ക് ഗോപാൽ പോയത്. തിരിച്ചെത്തി വളർത്തുമൃഗങ്ങളെ കൂടി കൊണ്ട് പോകാൻ ശ്രമിക്കുമ്പോഴായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്.
ഇത് ആദ്യമായല്ല ഒഡിഷയിൽ സമാന സംഭവം ഉണ്ടാവുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മന്ത്രവാദം ചെയ്തുവെന്ന് ആരോപിച്ച് യുവാവിനെ ആക്രമിച്ച കേസിൽ നാല് പേർ ഒഡിഷയിൽ പിടിയിലായത്. ഗഞ്ചം ജില്ലയിലായിരുന്നു ഇത്. 59 വയസുകാരനാണ് ക്രൂരമായ മർദ്ദനത്തിന് ഇരയായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് രോഗം വന്നതിന് കാരണം 59കാരന്റെ മന്ത്രവാദമെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.


