മുംബൈ: സഖ്യം തകർക്കാനാകില്ലെന്ന് ബിജെപിക്ക് മുന്നറിയിപ്പ് നൽകി മുംബൈയിലെ പഞ്ചനക്ഷത്രഹോട്ടലിൽ എൻസിപി - സേന - കോൺഗ്രസ് സഖ്യത്തിന്‍റെ ശക്തിപ്രകടനം. 162 എംഎൽഎമാരെ ഹോട്ടലിലെ കോൺഫറൻസ് ഹാളിൽ മഹാരാഷ്ട്ര വികാസ് അഖാഡിയെന്ന സഖ്യം അണിനിരത്തി. ബിജെപിക്ക് എതിരെ പ്രതിജ്ഞ ചൊല്ലിച്ചു. അജിത് പവാറും മറ്റ് രണ്ട് എംഎൽഎമാരും യോഗത്തിനെത്തിയില്ല. നാളെ രാവിലെ 10.30-യ്ക്ക് മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ രൂപീകരണത്തിനെതിരെ സഖ്യം നൽകിയ ഹർജിയിൽ സുപ്രീംകോടതി വിധി പറയാനിരിക്കെയായിരുന്നു എംഎൽഎമാരെ അണിനിരത്തിയുള്ള ശക്തിപ്രകടനം.

'ഞങ്ങൾ 162 പേർ'

വൈകിട്ട് ഏഴ് മണിയോടെ എംഎൽഎമാരുമായി ബസ്സുകൾ പഞ്ചനക്ഷത്ര ഹോട്ടലായ ഗ്രാൻഡ് ഹയാത്തിലേക്കെത്തി. ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യത്തിന്‍റെ ഭാഗമായി 162 പേർ. ആദ്യം ഹോട്ടലിലെത്തിയത് എൻസിപി അധ്യക്ഷൻ ശരദ് പവാറും മകളും എംപിയുമായ സുപ്രിയ സുലെയും രോഹിത് പവാറും. പിന്നീട് ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും. പിന്നീട് കോൺഗ്രസ് നേതാക്കൾ ഓരോരുത്തരായെത്തി. ക്യാമറകൾക്ക് മുന്നിൽ പരസ്പരം ആശ്ലേഷിച്ചും, കൈകൊടുത്തും, വി എന്ന് വിജയചിഹ്നം കാണിച്ചും, സെൽഫികളെടുത്തും ഐക്യത്തിന്‍റെ സന്ദേശം നൽകി. ഹാളിൽ മുഴുവൻ 'ഞങ്ങൾ 162 പേർ' എന്നെഴുതിയ ഡിജിറ്റൽ സ്ക്രീനുകൾ. എൻസിപി അധ്യക്ഷൻ ശരദ് പവാർ 'ഐക്യത്തിന്‍റെ സത്യപ്രതിജ്ഞ' ചൊല്ലിയപ്പോൾ എംഎൽഎമാർ അത് ഏറ്റുചൊല്ലി. 

''ഒരു വാഗ്‍ദാനത്തിലും ഞാൻ വീണ് പോകില്ല. ബിജെപിയെ ഒരു തരത്തിലും ഞാൻ സഹായിക്കില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഒരിക്കലും ഭാഗഭാക്കാകില്ല'', എന്നായിരുന്നു പ്രതിജ്ഞ. ഇന്ന് രാവിലെയാണ് ശിവസേനയും എൻസിപിയും കോൺഗ്രസും മഹാരാഷ്ട്ര രാജ്ഭവനിലെത്തി സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് കത്ത് നൽകിയത്. ഇതിന് പിന്നാലെ, 'വരൂ, കാണൂ ഞങ്ങളുടെ ശക്തി. 162 പേരെ അണിനിരത്താൻ ഞങ്ങൾ തയ്യാറാണ്. ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലേക്ക് വന്നാൽ നിങ്ങൾക്ക് ഞങ്ങളെ നേരിട്ട് കാണാം'', എന്ന് ശിവസേനയുടെ വക്താവും എംപിയുമായ സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. 

ഇതിന് ശേഷമാണ് എല്ലാ എംഎൽഎമാരെയും ഒറ്റ ഹാളിൽ മഹാരാഷ്ട്ര വികാസ് അഖാഡിയെന്ന സേന - എൻസിപി - കോൺഗ്രസ് സഖ്യം എത്തിച്ചത്. 'നമ്മളെല്ലാവരുടെയും ചിത്രം കിട്ടാൻ വൈഡ് ആംഗിൾ ക്യാമറ വേണ്ടി വരും', എന്ന് തമാശ പറഞ്ഞു, ഫോട്ടോഗ്രാഫി ഏറെ ഇഷ്ടപ്പെടുക കൂടി ചെയ്യുന്ന താക്കറെ കുടുംബത്തിലെ ഇളമുറക്കാരൻ ആദിത്യ താക്കറെ. (ആദിത്യയുടെ ഇൻസ്റ്റഗ്രാം നിറയെ അദ്ദേഹം തന്നെ എടുത്ത പ്രൊഫഷണൽ ടച്ചുള്ള ഫോട്ടോഗ്രാഫുകളാണ്) ''നമ്മൾ വിശ്വസിക്കുന്നത് - സത്യമേവ ജയതേ എന്നാണ്. ഞങ്ങളെ തകർക്കാൻ ആരെങ്കിലുമുണ്ടോ? ഞങ്ങൾ വെല്ലുവിളിക്കുകയാണ്'', കയ്യടികൾക്കിടെ ആദിത്യ പറഞ്ഞു.

എല്ലാ എൻസിപി എംഎൽഎമാർ എല്ലാവരും തനിക്കൊപ്പം തന്നെയാണെന്ന് ശരദ് പവാർ ആവർത്തിച്ചു. ''162 എംഎൽഎമാർ ഇവിടെയുണ്ട്. നമുക്ക് തന്നെയാണ് ഭൂരിപക്ഷം'', എന്ന് പവാർ.

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സർക്കാർ രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നേരം ഇരുട്ടി വെളുക്കുംമുമ്പ്, എൻസിപി അധ്യക്ഷൻ ശരദ് പവാറിന്‍റെ അനന്തിരവൻ അജിത് പവാറിനെത്തന്നെ മറുകണ്ടം ചാടിച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭ രൂപീകരിച്ച ദേവേന്ദ്ര ഫട്‍നവിസിന്‍റെയും ബിജെപിയുടെയും നീക്കം അക്ഷരാർത്ഥത്തിൽ സേന - എൻസിപി - കോൺഗ്രസ് സഖ്യത്തെ ഞെട്ടിച്ചിരുന്നു. ഇതിനെതിരെ സുപ്രീംകോടതി കയറി സഖ്യം. അജിത് പവാറിനൊപ്പം പോയ ഓരോ എംഎൽഎമാരെയും അന്ന് തന്നെ ചാടിച്ച് തിരികെ കൊണ്ടുവന്നാണ് ശരദ് പവാർ തിരിച്ചടിച്ചത്. 

''എന്‍റെ അനുഗ്രഹമുണ്ടെന്ന് അണികളെ തെറ്റിദ്ധരിപ്പിക്കാനാണ് അജിത് പവാർ ശ്രമിച്ചത്. ബിജെപിയിലേക്ക് പോയാൽ എൻസിപിയിലെ എംഎൽഎമാർ ഓരോരുത്തരായി പിന്നാലെ വരുമെന്ന് അജിത് പവാർ കരുതി. അതുണ്ടായില്ല. ഇത് മഹാരാഷ്ട്രയാണ്. ഗോവയല്ല. തീ കൊണ്ട് കളിക്കുന്നവരെ എങ്ങനെ പാഠം പഠിപ്പിക്കണമെന്ന് ഞങ്ങൾക്കറിയാം. ശിവസേന ഞങ്ങൾക്കൊപ്പമുള്ളപ്പോൾ പ്രത്യേകിച്ച്. ഇവിടെ ഇത്തരം കളികൾ നടപ്പില്ല. അതുകൊണ്ട് അധികാരവും നിങ്ങൾക്ക് കിട്ടാൻ പോകുന്നില്ല'', എന്ന് എംഎൽഎമാർക്കും അണികൾക്കും ആവേശം പകർന്ന് പവാറിന്‍റെ പ്രസംഗം.

കണക്ക് എങ്ങനെ?

എല്ലാ എംഎൽഎമാരെയും മുംബൈയിലെ ഓരോ പഞ്ച നക്ഷത്ര ഹോട്ടലുകളിലായി താമസിപ്പിച്ചിരിക്കുകയാണ് മൂന്ന് പാർട്ടികളും. ശിവസേന സ്വതന്ത്രരടക്കം 63 പേരുടെ ഒപ്പുകളാണ് സമർപ്പിച്ചിരിക്കുന്നത്. കോൺഗ്രസ് 44, എൻസിപി 51. രണ്ട് പേരുള്ള സമാജ്‍വാദി പാർട്ടിയും ഒപ്പു വച്ചിട്ടുണ്ട്. രണ്ട് സ്വതന്ത്രർ കൂടി ചേർന്നാൽ 162 ആയി. 

35 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട അജിത് പവാറിന് അത്രയും പിന്തുണയില്ലെന്ന് ആദ്യദിനം തന്നെ വ്യക്തമായിരുന്നതാണ്. ഇപ്പോൾ രണ്ട് പേർ മാത്രമാണ് അജിത് പവാറിനെക്കൂടാതെ ബിജെപി സഖ്യത്തിനൊപ്പം എൻസിപിയിൽ നിന്നുള്ളതെന്നാണ് വ്യക്തമാകുന്നത്. 

സർക്കാർ രൂപീകരണം ഭരണഘടനാ വിരുദ്ധമാണെന്ന് കാട്ടി സഖ്യം നൽകിയ ഹർജിയിൽ നാളെ രാവിലെ പത്തരയ്ക്ക് സുപ്രീംകോടതി വിധി പറയും. വിശ്വാസവോട്ടെടുപ്പ് എപ്പോൾ നടത്തണമെന്നും സുപ്രീംകോടതി തീരുമാനിക്കും.

ഒപ്പം 170 എംഎൽഎമാരുണ്ടെന്നാണ് ബിജെപി സുപ്രീംകോടതിയിൽ അവകാശപ്പെട്ടത്. ഇതിൽ എൻസിപിയിൽ നിന്നുള്ള 54 പേരുമുണ്ട്. അതേസമയം, എൻസിപി - കോൺഗ്രസ് - സേന സഖ്യവും 154 എംഎൽഎമാർ ഒപ്പമുണ്ടെന്ന് കാട്ടി ഇവരുടെ ഒപ്പടക്കമുള്ള കത്ത് നൽകി. ചില എംഎൽഎമാർ തിരിച്ചെത്താൻ വൈകിയതിനാൽ ഒപ്പ് ശേഖരിക്കാനായില്ലെന്നാണ് എൻസിപി കോടതിയെ അറിയിച്ചത്. 

അജിത് പവാർ മാത്രമാണ് മറുവശത്തുള്ളതെന്നാണ് എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കിയത്. എന്നാൽ എൻസിപി ഗവർണർക്ക് നൽകിയ കത്തിൽ അജിത് പവാർ, അന്ന ബൻസോദ്, നർഹരി സിർവാൾ എന്നിവരുടെ ഒപ്പില്ല.