ചണ്ഡീഗഢ്: നടു റോഡില്‍ വച്ച് യുവാവിനെ ഇരുമ്പ് കമ്പി ഉപയോഗിച്ച് ആക്രമിച്ച് യുവതി. തന്‍റെ കാറില്‍ നിന്ന് ഇരുമ്പ് കമ്പി വലിച്ചെടുത്ത് അത് ഉപയോഗിച്ചാണ് യുവതി മറ്റൊരു കാറിലെത്തിയ യുവാവിനെ മര്‍ദ്ദിച്ചത്. ചണ്ഡീഗഢിലെ ട്രിബ്യൂണ്‍ ചൗക്കിലാണ് സംഭവം. അശ്രദ്ധമായി പുറകിലോട്ട് എടുക്കുകയായിരുന്ന തന്‍റെ കാറില്‍ പിറകില്‍ നിന്ന് എത്തിയ നിതിഷ് എന്നയാളുടെ കാര്‍ ഇടിച്ചതാണ്  ശീതള്‍ ശര്‍മയെ പ്രകോപിപ്പിച്ചത്. 

കാറില്‍ നിന്ന് ചാടിയിറങ്ങിയ ശീതള്‍, നിതീഷിനെ അസഭ്യം പറയുകയും ഇരുമ്പ് കമ്പി ഉപയോഗിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. ശീതള്‍ അശ്രദ്ധമായാണ് വാഹനമോടിച്ചതെന്ന് 26കാരനായ നിതിഷ് ആരോപിച്ചു. സംഭവ സ്ഥലത്ത് എത്തിയ പൊലീസ് ശീതളിനെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൊഴിയെടുത്തതിന് ശേഷം യുവതിയെ കോടതിയില്‍ ഹാജരാക്കും.