ദില്ലി: വീട്ടിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ശ്വാസംമുട്ടി ഗാസിയാബാദില്‍  ആറ് പേര്‍ മരിച്ചു. മൂന്ന് കുട്ടികളും ബന്ധുവായ 40കാരിയുമാണ് മരിച്ചത്. ഗാസിയാബാദിലെ ലോനി ടൗണില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. 

വൈദ്യുതി ബില്ല് അടക്കാത്തതിനാല്‍ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്മെന്‍റ് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിനാല്‍ മെഴുകുതിരി കത്തിച്ചുവച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസമയം അപകടകാരണം എന്തെന്ന ഔദ്യോഗിക വിശദീകരണം ഇതുവരെയും ലഭിച്ചിട്ടില്ല. 

അഞ്ച് സഹോദരങ്ങളും അവരുടെ കുടുംബവുമാണ് മൂന്ന് നിലയുള്ള വീട്ടില്‍ താമസിക്കുന്നത്. ഇതിലെ താഴെ നിലയിലെ മുറിയിലാണ് തീപിടിച്ചത്. അയല്‍വാസിയാണ് വീടിനുള്ളില്‍നിന്ന് കട്ടിയുള്ള പുക ഉയരുന്നത് കണ്ട് വാതില്‍ തകര്‍ത്ത് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. 

''എന്‍റെ കുട്ടികളെ അവര്‍ക്കൊപ്പമാണ് ഞാന്‍ സ്കൂളില്‍ വിടാറുള്ളത്. രാവിലെയായിട്ടും അവരെ കാണാത്തതിനാല്‍ വിളിക്കാന്‍ ചെന്നതാണ്. എന്നാല്‍ അത്ര വിളിച്ചിട്ടും അവര്‍ പ്രതികരിച്ചില്ല. വീട്ടില്‍ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. ഉടന്‍ വാതില്‍ തളളിത്തുറന്ന് അകത്ത് ചെന്നപ്പോള്‍ ആറ് പേരും അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. '' - അയല്‍വാസി പറഞ്ഞു

പര്‍വീന്‍(40), സഹോദരങ്ങളായ അബ്ദുള്‍ അസീസ് (8), അബ്ദുള്‍ അഹദ്(5), സഹോദരി ഫത്മ(12), സൈന (10), റുകിയ(8) എന്നിവരാണ് മരിച്ചത്. യൂസഫ് അലി എന്നയാളുടെ ഭാര്യയാണ് പര്‍വീന്‍. യൂസ് അലിയുടെ സഹോദരങ്ങളായ റാഷിദിന്‍റെയും ആസിഫ് അലിയുടെയും മക്കളാണ് മരിച്ച അഞ്ച് പേര്‍. 

വൈദ്യുതി വിച്ഛേദിക്കരുതെന്നും തിങ്കളാഴ്ചയോടെ ബില്ലടയ്ക്കാമെന്നും അപേക്ഷിച്ചിരുന്നെങ്കിലും അവര്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടികള്‍ക്ക് പരീക്ഷയായതിനാലാണ് അവര്‍ മെഴുകുതിരി കത്തിച്ചുവച്ച് പഠിച്ചത്. ഇതിനിടെ മെഴുകുതിരിയില്‍ നിന്ന് തീ പ്ലാസ്റ്റിക് കൂളറില്‍ പിടിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.