ഭോപ്പാല്‍: പ്രളയത്തിനിടെ കനാലിന് സമീപം നിന്ന് സെല്‍ഫിയെടുത്ത യുവതിയും മകളും മുങ്ങി മരിച്ചു. മധ്യപ്രദേശിലെ മാന്ദ്സൗറിലാണ് യുവതിയുടെയും മകളുടെയും ദാരുണാന്ത്യം. ബിന്ദു ഗുപ്ത(48), അശ്രിതി (22) എന്നിവരാണ് മരിച്ചത്. 

വീടിന് സമീപത്തുള്ള വെള്ളക്കെട്ട് കാണാന്‍ കുടുംബത്തോടൊപ്പം പോയതായിരുന്നു മാന്ദ്സൗറിലെ സര്‍ക്കാര്‍ കോളേജിലെ പ്രൊഫസറായ ആര്‍ ഡി ഗുപ്തയും ഭാര്യ ബിന്ദു ഗുപ്തയും മകള്‍ അശ്രിതിയും. വെള്ളം നിറഞ്ഞൊഴുകുന്ന കനാലിന് സമീപത്തുനിന്ന് കുടുംബത്തോടൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെയാണ് കൈവരിയുടെ ഒരുഭാഗം തകര്‍ന്ന് അമ്മയും മകളും വെള്ളത്തിലേക്ക് വീണു. ഇരുവരുടെയും മൃതദേഹം പിന്നീട് കണ്ടെത്തി. 

നാട്ടുകാരും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. 39 പേരാണ് ഇതുവരെ സംസ്ഥാനത്ത് ശക്തമായ മഴയില്‍ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഏഴ് പേരാണ് ഇവിടെ മരിച്ചത്. 3000 പേരെ താമസസ്ഥലത്തുനിന്ന് ഒഴിപ്പിച്ചിട്ടുണ്ടെന്നും മാന്ദ്സൗര്‍ എസ് പി പറഞ്ഞു.