മുംബൈ: ട്രെയിനിനുള്ളില്‍ സഹയാത്രികയെ യുവതി കടിച്ചതായി പരാതി. മുംബൈ സ്വദേശി ഗ്ലെന്‍ഡ സ്വാമിയാണ് കൂടെ യാത്ര ചെയ്തിരുന്ന യുവതിയെ അസഭ്യം പറയുകയും കടിക്കുകയും ചെയ്തത്. സെപ്തംബര്‍ 16- നാണ് സംഭവം.

ലോവര്‍ പരേലില്‍ നിന്ന് ലോക്കല്‍ ട്രെയിനില്‍ കയറാന്‍ എത്തിയതായിരുന്നു പരാതിക്കാരിയായ നസ്രാന പിള്ള. കംപാര്‍ട്ട്മെന്‍റിന്‍റെ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന ഗ്ലെന്‍ഡ സ്വാമി യുവതിയെ അകത്തേക്ക് കയറുന്നതില്‍ നിന്നും തടഞ്ഞു. എന്നാല്‍ ഇത് വകവയ്ക്കാതെ സസ്രാന അകത്തേക്ക് കയറി. തിരക്കേറിയ ലേഡീസ് കംപാര്‍ട്ട്മെന്‍റിലേക്ക് പ്രവേശിക്കുന്നതിനിടെ നസ്രാനയുടെ കൈമുട്ട് ഗ്ലെന്‍ഡ  സ്വാമിയുടെ ദേഹത്ത് മുട്ടി.

ഇതോടെ അസ്വസ്ഥയായ ഗ്ലെന്‍ഡ നസ്രാനയെ അസഭ്യം പറയുകയും കയ്യില്‍ കടിക്കുകയുമായിരുന്നു. സംഭവത്തിനിടെ തന്‍റെ 9,000 രൂപയും നഷ്ടമായതായി നസ്രാന ആരോപിച്ചു. നസ്രാനയുടെ പരാതിയില്‍ ബാന്ദ്ര പൊലീസ് ഗ്ലെന്‍ഡയെ കസ്റ്റഡിയിലെടുത്തു. പിന്നീട് സെപ്തംബര്‍ 25 ന് യുവതിക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.