പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ ലൈറ്റ് ടവറിൽ കയറി യുവതി; പറയാനുള്ളത് കേള്‍ക്കാമെന്ന് മോദി - വീഡിയോ
റാലിയില്‍ പങ്കെടുക്കാനായി തടിച്ചുകൂടിയ വന്‍ജനാവലിയെ മോദി അഭിസംബോധന ചെയ്യുന്നതിനിടെയാണ് ടവറിന് മുകളില്‍ കയറുന്ന യുവതി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്.

ഹൈദരാബാദ്: ശനിയാഴ്ച ഹൈദരാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടെ നാടകീയ സംഭവങ്ങള്‍. പൊതുസമ്മേളനം നടന്ന പരേഡ് ഗ്രൗണ്ടില്‍ ലൈറ്റുകള്‍ സ്ഥാപിക്കാനായി നിര്‍മിച്ചിരുന്ന താത്കാലിക ടവറിന് മുകളില്‍ ഒരു യുവതി വലിഞ്ഞുകയറിയതോടെ പ്രധാനമന്ത്രിയുടെ പ്രസംഗം താത്കാലികമായി തടസപ്പെട്ടു. റാലിയില്‍ പങ്കെടുക്കാനായി തടിച്ചുകൂടിയ വന്‍ജനാവലിയെ മോദി അഭിസംബോധന ചെയ്യുന്നതിനിടെയാണ് ടവറിന് മുകളില്‍ കയറുന്ന യുവതി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടത്.
യുവതി ടവറിന് മുകളില്‍ കയറുന്നതിന്റെയും മോദി സമ്മേളന വേദിയില്‍ വെച്ചു തന്നെ മൈക്കില്‍ അവരോട് സംസാരിക്കുകയും തിരികെ ഇറങ്ങാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചു. യുവതിയോട് താഴെ ഇറങ്ങാന്‍ പലതവണ മോദി അഭ്യര്‍ത്ഥിക്കുന്നതും വൈദ്യുത കേബിളുകള്‍ ഉള്ളതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി അപകടം സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ കാണാം.
"ഇത് ശരിയല്ല. നിങ്ങള്‍ക്ക് ഇത് ചെയ്തത് കൊണ്ട് ഗുണമുണ്ടാകില്ല. ഞാന്‍ നിങ്ങളെ കേള്‍ക്കാനാണ് ഇവിടെ വന്നിരിക്കുന്നത്. നിങ്ങള്‍ ഇത് ചെയ്യരുത്. ദയവായി താഴെ ഇറങ്ങി ഇരക്കൂ" മോദി മൈക്കിലൂടെ യുവതിയോട് ആവശ്യപ്പെട്ടു. രാജ്യസഭാ അംഗം കെ ലക്ഷ്മണ്‍ മോദിയുടെ വാക്കുകള്‍ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുകയും ചെയ്തു.
പ്രധാനമന്ത്രിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട യുവതിയെ മോദി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഇലക്ട്രിക് വയറുകള്‍ നേരെ അല്ലാത്തതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് സാധ്യതയുണ്ടെന്നും മോദി അവരെ ഓര്‍മിപ്പിച്ചു. റാലിക്കിടെ കുറച്ച് സമയത്തേക്ക് ഈ സംഭവം പരിഭ്രാന്തി പരത്തിയെങ്കിലും സുരക്ഷാ ജീവനക്കാര്‍ ഉടനെ സ്ഥലത്തെത്തി യുവതിയെ താഴെ ഇറക്കി. സംഭവത്തെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളൊന്നും പൊലീസും നല്‍കിയിട്ടില്ല.
വീഡിയോ കാണാം...