ദില്ലി: തന്നെ ആക്രമിക്കാന്‍ അയല്‍ക്കാരന്‍ നായയെ അഴിച്ചുവിട്ടതായി അമ്പത്തിമൂന്നുകാരിയുടെ പരാതി. കിഴക്കൻ ദില്ലിയിലെ ഷഹദാരയിൽ ശനിയാഴ്ചയാണ് സംഭവം. ആക്രമണത്തിൽ യുവതിയുടെ അരയിലും കാലിലും പരിക്കേറ്റു. പരാതിക്കാരനായ സുമൻ മഹാജനും അയൽവാസിയായ കുൽദീപ് റാവലും തമ്മിൽ സ്വത്ത് തർക്കം നിലനിൽക്കുന്നതായി പോലീസ് വ്യക്തമാക്കി. 

പരാതിയിൽ, മഹാജൻ പറഞ്ഞു, "ശനിയാഴ്ച രാവിലെ ഏകദേശം 8:40 ഓടെ ഞാൻ ക്ഷേത്രത്തിൽ പോവുകയായിരുന്നു. അപ്പോഴാണ് അയൽക്കാരൻ നായയുമായി നിൽക്കുന്നത് കണ്ടത്. എന്റെ മുന്നിൽ വന്നപ്പോൾ അയാൾ നായയെ സ്വതന്ത്രമാക്കി വിട്ടു. നായ എന്റെ അടുത്തേക്ക് ഓടിവന്ന് എന്റെ മേൽ ചാടിവീണ് ആക്രമിച്ചു. എന്റെ വലതു കാലിലാണ് കടി‌യേറ്റത്. ഇടത് കാലിലും അരഭാ​ഗത്തും നഖംകൊണ്ട്  ആക്രമിച്ചു.'' പരാതിക്കാരിയായ സുമൻ മഹാജൻ വ്യക്തമാക്കി. കരച്ചിൽ കേട്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ മാതാപിതാക്കളാണ് ഇവരെ രക്ഷപ്പെടുത്തിയത്. 

ഇവരെ ഉടൻ തന്നെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായ‌ും പോലീസ് പറഞ്ഞു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം അടുത്ത ദിവസം തന്നെ ഡിസ്ചാർജ് ചെയ്തു. റാവലിന്റെയും മഹാജന്റെയും കുടുംബം സ്വത്ത് തർക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അയൽക്കാർക്കെതിരെ ഒരു വർഷം മുമ്പ് കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും അത് പിൻവലിക്കാൻ അവർ സമ്മർദ്ദം ചെലുത്താറുണ്ടെന്നും യുവതി പോലീസിനോട് പറഞ്ഞു. വിവേക് ​​വിഹാർ പോലീസ് സ്റ്റേഷനിൽ കുൽദീപ് റാവലിനെതിരെ കേസെടുത്തു. യുവതിയുടെ അവകാശവാദങ്ങൾ പരിശോധിച്ചുവരികയാണെന്നും ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.