ആഗ്ര: ഈ മാസം ആദ്യം അതിഥി തൊഴിലാളികള്‍ക്ക് വീടെത്താന്‍ ശ്രാമിക് ട്രെയിന്‍ അനുവധിച്ചതുമുതല്‍ ആയിരക്കണക്കിന് പേരാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങുന്നവരുടെ കൂട്ടത്തില്‍ കഴിഞ്ഞ ദിവസം ഒരു പൂര്‍ണ്ണ ഗര്‍ഭിണിയും  ഉണ്ടായിരുന്നു. 

ട്രെയിനില്‍ വച്ച് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വണ്ടിയില്‍ വച്ചുതന്നെ റെയില്‍വെയുടെ സഹായത്തോടെ ഇവര്‍ പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് റെയില്‍വെ അറിയിച്ചു. കുഞ്ഞിന്‍റെ ചിത്രം സഹിതമാണ് ഇന്ത്യന്‍ റെയില്‍വെ ട്വീറ്റ് ചെയ്തത്. 

സൂറത്തില്‍ നിന്ന് ബിഹാറിലേക്ക് പോകുകയായിരുന്നു ഇവര്‍. പാറ്റ്നയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള നവാഡയാണ് ഇവരുടെ സ്വദേശം. വൈദ്യസഹായം ആവശ്യപ്പെട്ടുകൊണ്ട് അധികൃതര്‍ക്ക് സന്ദേശം അയച്ചതിന് പിന്നാലെ ട്രെയിന്‍ ആഗ്രയില്‍ നിര്‍ത്തി. 

ഡോ പുല്‍കിത ട്രെയിനില്‍ എത്തുകയും പ്രസവത്തിന് ആവശ്യമായ സൗകര്യം ഒരുക്കുകയും ചെയ്തുവെന്നും ഇന്ത്യന്‍ റെയില്‍വെ വ്യക്തമാക്കി. മെയ് ഒന്നുമുതല്‍ മെയ് 20 വരെ ഇരുപത് കുഞ്ഞുങ്ങള്‍ ട്രെയിനില്‍ ജനിച്ചുവെന്ന്  ഇന്ത്യന്‍ റെയില്‍വെ അറിയിച്ചിരുന്നു.