അമരാവതി: കുടിവെള്ളമെടുക്കുന്നതിനെച്ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ യുവതി അടിയേറ്റ് മരിച്ചു. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് ദാരുണ സംഭവം. പദ്മ (38) എന്ന യുവതിയാണ് മരിച്ചത്. കുടിവെള്ളമെടുക്കുന്നതിനായി എത്തിയ സ്ത്രീകളില്‍ ചിലര്‍ വരി തെറ്റിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വരി തെറ്റിച്ചത് പദ്മ ചോദ്യം ചെയ്തതോടെ ചേരിതിരിഞ്ഞ് സംഘട്ടനമായി. സ്റ്റീല്‍ കുടം കൊണ്ട് തലക്കടിയേറ്റ പദ്മ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ സുന്ദരമ്മ  എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരാണ് പദ്മയെ അടിച്ചതെന്ന് പൊലീസ് പറഞ്ഞു.

കാലം വര്‍ഷം വൈകിയതോടെ ആന്ധ്രയിലെ മിക്ക പ്രദേശങ്ങളും രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ്.  പൊതു ടാപ്പുകളിലൂടെ ആഴ്ചയില്‍ രണ്ടോ മുന്നോ ദിവസം മാത്രമാണ് വെള്ളം എത്തുന്നത്. വരള്‍ച്ചയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് മൂന്ന് ദിവസം മുമ്പാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി 2000 രൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ചത്.