ഹൈദരാബാദ്: മെട്രോ റെയില്‍വേ സ്‌റ്റേഷന്റെ മുകളില്‍ നിന്ന് കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് ഹൈദരാബാദിലെ അമീര്‍പേട്ടില്‍ യുവതി മരിച്ചു. ഇരുപത്തിയാറുകാരിയായ മോണിക്ക എന്ന യുവതിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. 

ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. മഴ പെയ്തപ്പോള്‍ മറ്റ് ചിലര്‍ക്കൊപ്പം മെട്രോയ്ക്ക് താഴെ കയറിനിന്നതാണ് മോണിക്ക. എന്നാല്‍ പെടുന്നനെ മുകളില്‍ നിന്ന് ഒരു കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് ഇവരുടെ തലയിലേക്ക് വീഴുകയായിരുന്നു.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ബലമുള്ള മുറിവാണ് മരണകാരണമായതെന്ന് പൊലീസ് അറിയിച്ചു. ടിസിഎസില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് മോണിക്കയുടെ ഭര്‍ത്താവ്. 

ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് യുവതിയുടെ ജീവന്‍ അപഹരിച്ചതെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതുവരെ മെട്രോ റെയില്‍ വിഭാഗമോ സര്‍ക്കാര്‍ പ്രതിനിധികളോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.