ജയ്പൂർ: കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് രാജസ്ഥാനിൽ 65 വയസുള്ള സ്ത്രീ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നതായി അധിൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച രാവിലെ 26 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ കൊവിഡ് 19 ബാധിതരുടെ എണ്ണം 489 ആയി ഉയർന്നു. എസ്എംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീ വ്യാഴാഴ്ച വൈകുന്നേരമാണ് അന്ത്യശ്വാസം വലിച്ചത്. 

ജയ്പൂരിലെ രാം​ഗഞ്ച് സ്വദേശിനിയായ സ്ത്രീയെ ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളും ഹൈപ്പർടെൻഷനും ബാധിച്ച അവസ്ഥയിലായിരുന്നു ഇവർ. കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ വെന്റിലറ്ററിലാണ് കിടത്തിയിരുന്നത്. ഞായറാഴ്ച കൊവിഡ് 19 ബാധിച്ച ഒരാൾ ജയ്പൂരിൽ മരിച്ചിരുന്നു. വെള്ളിയാഴ്ച 9 മണിവരെയുള്ള 12 മണിക്കൂർ സമയത്ത് 26 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബൻസാരയിൽ നിന്നും 12, ജയ്സാൽമറിൽ നിന്നും 8, ആൽവാർ, ഭരത്പൂർ, കോട്ട എന്നിവിടങ്ങളിൽ നിന്ന് ഒന്ന് എന്നിങ്ങനെയാണ് പുതിയ കണക്ക്. ആകെ 489 പേരിൽ പോസിറ്റീവ് കണ്ടെത്തിയതിൽ 168 പേർ ജയ്പൂരിൽ നിന്നുള്ളവരാണ്. ജയ്പൂരിലെ രാം​ഗഞ്ചിൽ നിന്നാണ് കൂടുതൽ കൊവിഡ് ബാധിതരുള്ളത്.