മുംബൈ: പൂനെയിലെ ആഡംബര കഫെയിലെ ശുചിമുറിയില്‍ നിന്ന് ഒളിക്യാമറ പിടികൂടി. സ്ത്രീകളുടെ ശുചിമുറിയില്‍ നിന്നാണ് ക്യാമറ കണ്ടെത്തിയത്. പൂനെയിലെ ഹിഞ്ചെവാഡിയ്ക്ക് സമീപമുള്ള കഫെ ബിഹൈവില്‍ നിന്നാണ് ക്യാമറ പിടിച്ചെടുത്തത്. കണ്ടെത്തിയ യുവതി ക്യാമറയുടെ ചിത്രം സഹിതം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 

''ഞങ്ങള്‍ പുനെയിലെ ബിഹൈവ് കഫെയില്‍ പോയി. അവിടെ സ്ത്രീകളുടെ ശുചിമുറിയില്‍ ഒരു ക്യാമറ ഘടിപ്പിച്ചതായി കണ്ടെത്തി. മാനേജ്മെന്‍റിനെ ഇക്കാര്യം അറിയിച്ചപ്പോള്‍ പുറത്ത് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. പത്ത് മിനുട്ടുകഴിഞ്ഞപ്പോള്‍ ക്യാമറ അപ്രത്യക്ഷമായി'' -  അവര്‍ കുറിച്ചു. 

''കഫെ അധികൃതരോട് പരാതിപ്പെട്ടിട്ട് പ്രയോജനമുണ്ടായില്ല. പ്രതിയെ കണ്ടെത്തുന്നതിലല്ല, സംഭവത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിലാണ് ജീവനക്കാര്‍ക്ക് താത്പര്യം. നിരന്തരമായി ഇതിനെക്കുറിച്ച് ചോദിച്ചതോടെ അവര്‍ ഞങ്ങളെ കൈക്കൂലി നല്‍കി ഒഴിവാക്കാന്‍ ശ്രമിച്ചു. ' എന്താണ് നിങ്ങള്‍ക്ക് വേണ്ടത് ?' ഫോണും കുറ്റവാളിയും  നാശം ! ഗംഭീര പിന്തുണ ബിഹൈവ് ഇന്ത്യ ''  റിച്ച ചദ്ധ പറയുന്നു

'' ശുചിമുറികളിലെങ്കിലും സുരക്ഷയും ബഹുമാനം ഞങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ഇത്രയും വലിയ കഫെയില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ല. മാത്രമല്ല ശുചിമുറികളില്‍ സ്ത്രീകള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു. ഒരു പെണ്‍കുട്ടി എന്ന നിലയില്‍  പൊതു ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ പേടിയാണ്. നൂറുതവണയെങ്കിലും ഇത്തരം സംഗതികളുണ്ടോ എന്ന് പരിശോധിക്കും '' - അവര്‍ കൂട്ടിച്ചേര്‍ത്തു

സൊമാറ്റോയില്‍ കഫെക്കെതിരെ അവര്‍ റിവ്യൂ നല്‍കിയിരുന്നു. എന്നാല്‍ തന്‍റെ പോസ്റ്റുകള്‍ സൊമാറ്റോയില്‍ നിന്ന് ഡിലീറ്റ് ചെയ്തെന്ന് സ്ക്രീന്‍ഷോട്ടുകള്‍ സഹിതം റിച്ച ചദ്ധ ട്വിറ്ററില്‍ കുറിച്ചു. സംഭവത്തില്‍ ഇടപെട്ടതായും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പുനെ പൊലീസ് ട്വിറ്ററിലൂടെതന്നെ വ്യക്തമാക്കി. 

സംഭവത്തില്‍ ഹോട്ടല്‍ അധികൃതരെയും സൊമാറ്റോയെയും വിമര്‍ശിച്ച് ട്വിറ്ററില്‍ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. റിച്ചയെ പിന്തുണച്ചെത്തിയവര്‍ കഫെയ്ക്കെതിരെ ശക്തമായാണ് പ്രതികരിക്കുന്നത്.