യുവാവിനെയും ചുമന്ന് നടക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തിയതിനാലാണ് ക്രൂരത പുറത്തായത് 

ജാഭുവ: ഇതര ജാതിക്കാരനായ യുവാവിനെ വിവാഹം ചെയ്ത യുവതിയെ പൊതു ഇടത്തില്‍ അപമാനിച്ച് ആള്‍ക്കുട്ടം. വീട്ടുകാരുടെ സമ്മതമില്ലാതെ താഴ്ന്ന ജാതിയിലെ യുവാവിനെ വിവാഹം ചെയ്തതിനാണ് ആള്‍ക്കൂട്ടം യുവതിക്ക് ശിക്ഷ വിധിച്ചത്. വിവാഹം ചെയ്ത യുവാവിനെ തോളില്‍ ചുമന്ന് നടക്കുന്നതായിരുന്നു യുവതിക്കുള്ള ശിക്ഷ. ഏകദേശം 20 വയസ്സു തോന്നിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം വാര്‍ത്തയായത്.

മധ്യപ്രദേശിലെ ജാബുവ ജില്ലയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ചുട്ടു പൊള്ളുന്ന വെയിലില്‍ വരണ്ടുണങ്ങിയ മണ്ണിലൂടെയാണ് ആള്‍ക്കൂട്ടം പെണ്‍കുട്ടിയെ നടത്തിക്കുന്നത്. കൈകളില്‍ വടികളുമായി ചുറ്റും കൂടി നില്‍ക്കുന്നവരെയും ദൃശ്യങ്ങളില്‍ കാണാം
പെണ്‍കുട്ടി തളര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ആള്‍ക്കൂട്ടം ആക്രോശിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

യുവാവിനെയും ചുമന്ന് നടക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ആരോ മൊബൈലില്‍ പകര്‍ത്തിയതിനാലാണ് ക്രൂരത പുറത്തായത്. മുമ്പും ഇതര ജാതിയിലുള്ളവരെ വിവാഹം ചെയ്തതിനെത്തുടര്‍ന്ന് ഇത്തരത്തിലുള്ള ക്രൂരതകള്‍ നടക്കുന്നത് പുറത്തായിരുന്നു. യുവതിക്ക് നേരെയുണ്ടായ പീഡനത്തെ ഗൗരവകരമായാണ് കാണുന്നതെന്നും നടപടികള്‍ സ്വീകരിച്ച് തുടങ്ങിയെന്നും പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി. വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ജാബുവ എസ്പി വിനീത് ജെയ്ന്‍ വ്യക്തമാക്കി. 

Scroll to load tweet…