Asianet News MalayalamAsianet News Malayalam

അമേരിക്കയിലുള്ള ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി; വിദേശകാര്യ മന്ത്രാലയത്തോട് സഹായം തേടി യുവതി

ഹൈദരബാദിലെ ചന്ദ്രയാംന്‍ഗുട്ട സ്വദേശിയായ സബ ഫാത്തിമയാണ് വിവാഹമോചനം നിയമപരമാക്കി നല്‍കണമെന്ന ആവശ്യവുമായി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. 

woman from Hyderabad on Wednesday appealed to Union minister of external affairs to get proper divorce from husband in US
Author
Hyderabad, First Published Dec 10, 2020, 6:57 PM IST

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവില്‍ നിന്ന് നിയമപരമായി വിവാഹമോചനം വാങ്ങി നല്‍കണമെന്ന ആവശ്യവുമായി യുവതി. ഹൈദരബാദ് സ്വദേശിയായ ഇരുപത്തിമൂന്നുകാരിയാണ് വിദേശകാര്യ മന്ത്രാലയത്തോട് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. നാല്‍പതുകാരനായ ഭര്‍ത്താവ് രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് അമേരിക്കയില്‍ വച്ച് യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയത്. 

ഹൈദരബാദിലെ ചന്ദ്രയാംന്‍ഗുട്ട സ്വദേശിയായ സബ ഫാത്തിമയാണ് വിവാഹമോചനം നിയമപരമാക്കി നല്‍കണമെന്ന ആവശ്യവുമായി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. അമേരിക്കയിലുള്ള ഭര്‍ത്താവ് അബ്ദി വാലി അഹമ്മദിനോട് ഇക്കാര്യം സംസാരിക്കാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായമാണ് സബ ഫാത്തിമ തേടിയിരിക്കുന്നത്. ബോസ്റ്റണില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് അഹമ്മദ്. ഇയാള്‍ സൊമാലിയ സ്വദേശിയാണ്. വിവാഹമോചനം നിയമപരമാക്കാന്‍ ഇയാളോട് സംസാരിക്കണമെന്നാണ് യുവതിയുടെ ആവശ്യം. 

നിയമപരമായ വിവാഹമോചന രേഖകളില്ലാതെ വീണ്ടും വിവാഹിതയാവാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും ഭാവിയില്‍ പ്രശ്നങ്ങള്‍ ആവുമെന്നുമാണ് യിവതി വ്യക്തമാക്കുന്നത്. 2015 ജനുവരി 25നാണ് അഹമ്മദും ഫാത്തിമയുമായുള്ള വിവാഹം നടക്കുന്നത്. ഹൈദരബാദില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്നു ആ സമയത്ത് അഹമ്മദ്. അഹമ്മദിന്‍റെ കുടുംബം അബുദാബിയിലുമായിരുന്നു. യുവതിയുടെ ഒരു ബന്ധുവാണ് ഈ വിവാഹാലോചന കൊണ്ടുവന്നത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഫാത്തിമയ്ക്കും കുടുംബത്തിനും മികച്ച ഭാവി വാഗ്ദാനം ചെയ്തായിരുന്നു വിവാഹാലോചന. തെലങ്കാന വഖഫ് ബോര്‍ഡിന്‍റെ അനുമതിയോടെയായിരുന്നു വിവാഹം.

വിവാഹത്തിന് പിന്നാലെ അഹമ്മദ് രക്ഷിതാക്കളുടെ അടുക്കലേക്ക് പോയി. ആറുമാസം കൂടുമ്പോള്‍ ഹൈദരബാദിലേക്ക് അഹമ്മദ് എത്താറുണ്ടായിരുന്നു. 2020 ഫെബ്രുവരിയിലാണ് അവസാനമായി ഇയാള്‍ ഹൈദരബാദിലെത്തിയത്. ഇതിന് ശേഷം ദുബായിലുള്ള അമ്മയെ കണ്ട ശേഷം അഹമ്മദ് ബോസ്റ്റണിലേക്ക് പോയി. ബോസ്റ്റണില്‍ നിന്ന് യുവതിയുടെ ചെലവിനായി ഇയാള്‍ പണവും നല്‍കിയിരുന്നു. ഒക്ടോബര്‍ 7ന് ഫാത്തിമയുടെ പിതാവിനെ വിളിച്ച് ഫോണ്‍ സ്പീക്കറില്‍ ഇടാന്‍ ആവശ്യപ്പെട്ട യുവാവ് മുത്തലാഖ് ചൊല്ലുകയായിരുന്നു. ഇതിന് ശേഷം ഫാത്തിമ അഹമ്മദുമായി സംസാരിച്ചെങ്കിലും എന്തിനാണ് മുത്തലാഖ് ചൊല്ലിയതെന്ന് ഇയാള്‍ വ്യക്തമാക്കിയില്ല. പിന്നാലെ യുവതിയുടേയും ബന്ധുക്കളുടേയും ഫോണ്‍ നമ്പറുകളും അഹമ്മദ് ബ്ലോക്ക് ചെയ്തു. 

ദുബായിലും ലണ്ടനിലും താമസിക്കുന്ന അഹമ്മദിന്‍റെ ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോള്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞെങ്കിലും പിന്നീട് ഇവരും ഫാത്തിമയുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. രണ്ട് മാസത്തോളം അവരുമായി ബന്ധപ്പെടാന്‍ വിവിധ വഴികള്‍ തേടിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് ഫാത്തിമ വിദേശകാര്യ മന്ത്രാലയത്തിന്‍റെ സഹായം തേടിയിരിക്കുന്നത്. 

ചിത്രത്തിന് കടപ്പാട് ഹിന്ദുസ്ഥാന്‍ ടൈംസ്

Follow Us:
Download App:
  • android
  • ios