ഇന്നലെ സുപ്രീംകോടതിയില്‍ കടക്കാന്‍ ശ്രമിച്ച ഇവരെ മതിയായ രേഖകളില്ലാത്തതിനാൽ സുരക്ഷാജീവനക്കാർ ഇരുവരെയും ഡി ഗേറ്റിനു മുന്നിൽ തടഞ്ഞിരുന്നു. 

ദില്ലി: ലോക്സഭ എംപിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി സുപ്രീം കോടതി പരിസരത്തു തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു. യുപിയിൽ നിന്നുള്ള ബിഎസ്പി എംപി അതുൽ റായ് പ്രതിയായ കേസിലെ പരാതിക്കാരിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊള്ളലേറ്റ പെൺകുട്ടിയേയും സുഹൃത്തിനെയും ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ സുപ്രീംകോടതിയില്‍ കടക്കാന്‍ ശ്രമിച്ച ഇവരെ മതിയായ രേഖകളില്ലാത്തതിനാൽ സുരക്ഷാജീവനക്കാർ ഇരുവരെയും ഡി ഗേറ്റിനു മുന്നിൽ തടഞ്ഞിരുന്നു. പിന്നാലെ കോടതി സമുച്ചയത്തിനു പുറത്തെ ഭഗ്‍വാൻദാസ് റോഡിലായിരുന്നു യുവതിയുടെയും സുഹൃത്തിന്‍റെയും ആത്മഹത്യ ശ്രമം.

തീകൊളുത്തും മുൻപ് ഇവർ വിഡിയോ ചിത്രീകരിച്ചിരുന്നു. ഇതിൽ എംപിയെ രക്ഷിക്കാൻ ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ, യുപി പൊലീസിലെ മുൻ ഐജി, ഒരു ജഡ്ജി എന്നിവർ ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു. അതുൽ റായിയുടെ സഹോദരൻ നൽകിയ പരാതിയിൽ പെ‍ൺകുട്ടിക്കും സുഹൃത്തിനുമെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. 

2019 മുതൽ അതുൽ റായ് ജയിലിലാണ്. 2019 ൽ റായിയുടെ വാരാണസിയിലെ അപ്പാർട്മെന്റിൽ വച്ചു പീഡിപ്പിച്ചെന്നും വിഡിയോ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തിയെന്നുമാണു പെൺകുട്ടിയുടെ പരാതി.