ബെഗളൂരു: പ്രണയം ഉപേക്ഷിച്ചതിന് ശേഷവും മുന്‍ കാമുകന്‍ നിരന്തരം ശല്യം ചെയ്യുന്നുവെന്നും കത്തിയുമായി പിന്തുടരുന്നുവെന്നും ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കി യുവതി. ബെഗളൂരുവിലെ ഒരു സ്റ്റാര്‍ട്ട് അപ്പിന്‍റെ സിഇഒ ആയ 28-കാരന്‍ രാഹുല്‍ സിങ്ങിനെതിരെയാണ് യുവതി പൊലീസിനെ സമീപിച്ചത്. 24 -കാരിയായ യുവതിയുമായി രാഹുല്‍ പ്രണയം വേര്‍പിരിഞ്ഞിട്ട് ഒരു വര്‍ഷമായി. ഇയാളുടെ നിരന്തര പീഡനങ്ങള്‍ സഹിക്കാനാവാതെയാണ് പ്രണയം ഉപേക്ഷിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു.

എന്നാല്‍ ബന്ധം പിരിഞ്ഞ ശേഷം രാഹുല്‍ നിരന്തരം ശല്യം ചെയ്യുകയും പല ഫോണ്‍ നമ്പരുകളില്‍ നിന്നും ഇമെയില്‍ ഐഡികളില്‍ നിന്നും യുവതിയെ ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇയാള്‍ യുവതിയുടെ വീടിന് മുമ്പില്‍ കാത്ത് നിന്ന് യുവതിയുടെ എല്ലാ നീക്കങ്ങളെയും കര്‍ശനമായി നിരീക്ഷിച്ചിരുന്നു. പിന്നീട് ഒരിക്കല്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ രാഹുല്‍ യുവതിയുടെ ഫോണ്‍ തട്ടിപ്പറിച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു.  ഇതോടെയാണ് യുവതി എച്ച്എസ്ആര്‍ ലേഔട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 

പരാതി നല്‍കിയതോടെ രാഹുലിന്‍റെ ശല്യം കൂടിയതായും ഇയാളുടെ പിതാവ് തന്‍റെ അമ്മയെ ഫോണില്‍ വിളിച്ച് പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.  രാഹുലിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ഇയാള്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്.