മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. പാരാപ്പൂർ ബൈഗറ്റോള ഗ്രാമത്തിലെ സുഗ്നി ബായ് ധ്രുവെ ആണ് കൊല്ലപ്പെട്ടത്. 30 വയസ്സായിരുന്നു. വീട്ടിൽ കിടന്ന് ഉറങ്ങുമ്പോഴാണ് യുവതിയെ കടുവ ആക്രമിച്ചത്.

ബാലഘട്ട്: മധ്യപ്രദേശിലെ ബാലഘട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. സുഗ്നി ബായ് ധ്രുവെ എന്ന മുപ്പത് വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരുന്ന യുവതിയെ കടുവ ആക്രമിക്കുകയായിരുന്നു. ഏകദേശം 300 മീറ്റർ ദൂരത്തോളം കടുവ യുവതിയെ വലിച്ചിഴച്ചു

കൻഹ ദേശീയോദ്യാനത്തിന് സമീപമുള്ള പാരാപ്പൂർ ബൈഗറ്റോള ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ആണ് സംഭവം. സുഗ്നി താമസിച്ച വീടിന് വാതിൽ ഉണ്ടായിരുന്നില്ല. ദേശീയദ്യാനത്തിൽനിന്ന് എത്തിയ കടുവ വീടിനുള്ളിൽ കയറി ഉറങ്ങുകയായിരുന്ന സുഗ്നിയുടെ തലയിൽ കടിച്ച് പുറത്തേക്ക് വലിച്ചു കൊണ്ടുപോകുകയായിരുന്നു.

നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ യുവതിയെ ഉപേക്ഷിച്ച് കടുവ കാടിനുള്ളിലേക്ക് ഓടിമറഞ്ഞു. യുവതിയെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. 

YouTube video player

മേഖലയിൽ കടുവ അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ കുടുംബത്തിന് സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.