ദില്ലി: ആശുപത്രിയിലെത്താൻ സഹായിച്ച പൊലീസ് ഉദ്യോ​ഗസ്ഥന്റെ പേര് നവജാത ശിശുവിന് നൽകി യുവതി. ദില്ലിയിലെ പൊലീസ് ഉദ്യോ​ഗസ്ഥനായ ദയാവീർ സിം​ഗിന്റെ പേരാണ് യുവതി തന്റെ കുഞ്ഞിന് നൽകിയത്. തന്നെ ആശുപത്രിയിലെത്തിക്കാൻ ഓടിയെത്തിയത് ദയാവീർ സിം​ഗ് ആണെന്ന് അനുപമ എന്ന യുവതി പറയുന്നു. പൂർണ്ണ ​ഗർഭിണിയായ അനുപമ ആശുപത്രിയിൽ കൊണ്ടുപോകാൻ ഭർതൃപിതാവാണ് പൊലീസിന്റെ സഹായം അഭ്യർത്ഥിച്ചത്. വിവരമറിഞ്ഞ് പത്ത് മിനിറ്റിനുള്ളിൽ തന്നെ അദ്ദഹം എത്തിച്ചേർന്നതായി അനുപമ വെളിപ്പെടുത്തുന്നു. 

ആംബുലൻസിന് വേണ്ടി കാത്തുനിന്നെങ്കിലും വിളിച്ച് പറഞ്ഞ് രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ആംബുലൻസ് വന്നില്ല. അതിനെ തുടർന്നാണ് ഇവർ പൊലീസിന്റെ സഹായം അഭ്യർത്ഥിച്ചത്. പൊലീസ് ഉദ്യോ​ഗസ്ഥൻ ഇവരെ ഹിന്ദു റാവു ഹോസ്പിറ്റലിൽ എത്തിച്ചു. കോൾ ലഭിച്ച ഉടൻ തന്നെ യുവതിയുടെ വീട്ടിലേക്ക് ഇദ്ദേഹം ഉടൻതന്നെ പോയതായി അശോക് വിഹാർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ആരതി ശർമ്മ വ്യക്തമാക്കി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ എല്ലാവരും വീട്ടിൽ തന്നെ തുടരുന്ന അവസ്ഥയാണുള്ളത്. ജനങ്ങൾക്ക് എന്ത് സഹായം വേണമെങ്കിലും ലഭ്യമാക്കാൻ  ദില്ലി പൊലീസ് സദാസന്നദ്ധരാണെന്ന് എസ്എച്ച് ഒ ഉറപ്പ് നൽകി.