കനത്ത മഴയില്‍ മരം വീണപ്പോള്‍ ഉദയകുമാര്‍ അടിയില്‍പ്പെടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മഴ കനത്തതിനാല്‍ അബോധാവസ്ഥയിലായി. ഇയാള്‍ മരിച്ചതായി പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചു. 

ചെന്നൈ: കനത്ത മഴയില്‍ (Chennai flood) മരംവീണ് ജീവന്‍ അപകടത്തിലായ യുവാവിനെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് വനിതാ ഇന്‍സ്‌പെക്ടര്‍. ചെന്നൈ കീഴ്പാക്കത്താണ് സംഭവം. കീഴ്പാക്കത്തെ ശ്മശാനത്തില്‍ ജോലി ചെയ്യുന്ന ഉദയകുമാര്‍ (Udayakumar) എന്ന 28കാരനാണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴയില്‍ മരം വീണപ്പോള്‍ ഉദയകുമാര്‍ അടിയില്‍പ്പെടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മഴ കനത്തതിനാല്‍ അബോധാവസ്ഥയിലായി. ഇയാള്‍ മരിച്ചതായി പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചു. ഉടന്‍ തന്നെ പ്രദേശത്തെത്തിയ ഇന്‍സ്‌പെക്ടര്‍ രാജേശ്വരിയും (Inspector Rajeswari) സംഘവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മരത്തിനിടയില്‍ നിന്ന് ഉദയകുമാറിനെ പുറത്തെടുത്തപ്പോള്‍ ഇയാള്‍ക്ക് ജീവനുണ്ടെന്ന് മനസ്സിലായി. ഉടന്‍ ഇയാളെ തോളിലേറ്റി കുതിച്ച രാജേശ്വരി അതുവഴിയെത്തിയ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടു.

Scroll to load tweet…

കനത്ത മഴയില്‍ ചെരുപ്പോ ഷൂസോ ഇല്ലാതെയായിരുന്നു രാജേശ്വരിയുടെ രക്ഷാപ്രവര്‍ത്തനം. രാജേശ്വരി കൃത്യസമയത്ത് അവസരോചിതമായി ഇടപെട്ടതിനാലാണ് ഉദയകുമാറിന് ജീവന്‍ തിരിച്ചുകിട്ടിയത്. ഇയാള്‍ ഇപ്പോള്‍ കീഴ്പാക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജേശ്വരിയുടെ ഇടപെടലിനെ പ്രശംസിച്ച് പ്രശസ്തരടക്കം രംഗത്തുവന്നു. രാജേശ്വരി യുവാവിനെ ചുമലിലേറ്റി നീങ്ങുന്ന വീഡിയോ ഓണ്‍ലൈനില്‍ വൈറലാണ്.