മൈതാനത്ത് ചിലര്‍ പരസ്യമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വനിതാ എസ്.ഐയും ഒപ്പം ഒരു ഹെഡ് കോണ്‍സ്റ്റബിളും സ്ഥലത്തെത്തിയത്.
ചെന്നൈ: വനിതാ എസ്.ഐക്ക് നേരെ അസഭ്യവര്‍ഷവും ഭീഷണിയുമായി ഇരുപതോളം പേരടങ്ങിയ മദ്യപസംഘം. തമിഴ്നാട്ടിലെ ചെന്നൈയിലുള്ള വാഷെര്‍മെന്‍പേട്ടില്‍ ഞായറാഴ്ചയായിരുന്നു സംഭവം. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരം വരെ ഈ സംഭവത്തിലെ പ്രതികളെ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുമില്ല. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടതിനാണ് വനിതാ എസ്.ഐക്ക് നേരം മദ്യപ സംഘം തിരിഞ്ഞത്.
2021 ബാച്ചിലെ എസ്.ഐ ആയ മഹേശ്വരിയാണ് മദ്യപ സംഘത്തിന്റെ അസഭ്യ വര്‍ഷത്തിന് ഇരയായത്. ന്യൂവാര്‍ഷെര്‍മെന്‍പേട്ടിലെ ഭൂമി ഈശ്വരന്‍ കോവിലിന് സമീപമുള്ള എംപിടി മൈതാനത്ത് ചിലര്‍ മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഹേശ്വരിയും ഹെഡ് കോണ്‍സ്റ്റബിള്‍ വിജയ് ആനന്ദും അവിടെയെത്തിയത്. ഇരുപതോളം പേര്‍ മൈതാനത്ത് അവരുടെ വാഹനങ്ങളില്‍ ഇരുന്ന് മദ്യപിക്കുന്നതാണ് കണ്ടത്. എസ്.ഐ തന്റെ ഫോണില്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ഇവിടെ നിന്ന് പോകണമെന്ന് നിര്‍ദേശിച്ചു. ആദ്യം ഒരാളാണ് എസ്.ഐയെ ആക്രമിക്കാന്‍ ശ്രമിച്ചത്. പിന്നാലെ മറ്റുള്ളവര്‍ കൂടിയെത്തി ഭീഷണിപ്പെടുത്താനും അസഭ്യം പറയാനും തുടങ്ങി. എസ്.ഐ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസിന്റെ പ്രതികരണം.
അതേസമയം തമിഴ്നാട്ടിലെ തന്നെ സെമ്പിയത്ത് പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് ബിയര്‍ കുപ്പി കൊണ്ടുള്ള അടിയില്‍ പരിക്കേറ്റു. ബാറില്‍ വെച്ച് രണ്ട് പേര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെടാനെത്തിയപ്പോഴായിരുന്നു പൊലീസുകാരന് നേരെ ആക്രമണം. തുടര്‍ന്ന് രണ്ട് പേരും സ്ഥലത്തു നിന്ന് രക്ഷപ്പെടുകയും ചെയ്തു. പൊലീസുകാരന് നെറ്റിയിലും മൂക്കിലും പരിക്കുകളുണ്ട്. ഈ സംഭവത്തില്‍ ഒരാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ക്കായി അന്വേഷണം തുടരുകയാണ്.
