ഹൈദരാബാദ്: ലോക്ക് ഡൗണിനെ തുടര്‍ന്ന് വീട്ടിലെത്താന്‍ കഴിയാതെ ഒറ്റപ്പെട്ടു പോയ മകനെ തിരികെയെത്തിക്കാന്‍ 1400 കിലോമീറ്റര്‍ സ്‌കൂട്ടറോടിച്ച് അമ്മ. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ഒറ്റപ്പെട്ട മകനെയാണ് 48കാരിയായ റസിയ ബീഗം തെലങ്കാനയിലെത്തിച്ചത്. പൊലീസില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയായിരുന്നു റസിയയുടെ യാത്ര. നെല്ലൂരിലെ സോഷയില്‍ നിന്നാണ് അവര്‍ മകനുമായി മടങ്ങിയത്.  

'ഒരു സ്ത്രീയെ സംബന്ധിച്ച് ഇരുചക്രവാഹനത്തില്‍  ഇത്രയും ദൂരം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ മകനെ തിരിച്ചെത്തിക്കണമെന്ന ദൃഢനിശ്ചയമാണ് എന്നെ നയിച്ചത്. വിശപ്പകറ്റാന്‍ റൊട്ടി കരുതിയിരുന്നു. ആളുകളൊഴിഞ്ഞ നിരത്തുകളിലൂടെ രാത്രി സ്‌കൂട്ടറോടിക്കുമ്പോള്‍ പേടിയായിരുന്നു'- റസിയാ ബീഗം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

നിസാമാബാദിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയാണ് റസിയ ബീഗം. 15 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു. രണ്ട് ആണ്‍മക്കളാണ് റസിയയ്ക്ക് ഉള്ളത്. ഒരാള്‍ എഞ്ചിനീയറിങ് ബിരുദധാരിയാണ്. 19 വയസ്സുള്ള രണ്ടാമത്തെ മകന്‍ നിസാമുദ്ദീന്‍ എംബിബിഎസ് പ്രവേശനത്തിനുള്ള പരിശീലനത്തിലാണ്. 

മാര്‍ച്ച് 12ന് സുഹൃത്തിനെ യാത്രയാക്കാനാണ് നിസാമുദ്ദീന്‍ നെല്ലൂരിലേക്ക് പോയത്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങുകയായിരുന്നു. അനാവശ്യമായി യാത്ര പോകുകയാണെന്ന് കരുതി പൊലീസ് തടഞ്ഞു വെക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസിന്റെ അനുമതി വാങ്ങി മൂത്തമകന് പകരം റസിയ തന്നെ പോയത്.