മുംബൈ: മഹാരാഷ്ട്രയില്‍ റോഡിലെ കുഴിയില്‍ വീണ് 23 കാരിക്ക് ദാരുണാന്ത്യം.  താനെയിലെ ഭിവന്ദിയിലാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് തന്‍റെ സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവെയാണ് ഡോക്ടറായ നേഹാ ഷെയ്ക്ക് റോഡിലെ കുഴിയില്‍ വീണത്. താനെയില്‍ റോഡിലെ കുഴിയില്‍ വീണ് മരിക്കുന്ന ആദ്യത്തെ ആളല്ല നേഹ. 

നേഹയുടെ സ്കൂട്ടറിന്‍റെ ടയറുകളിലൊന്ന് കുഴിയില്‍ കുടുങ്ങി. ഇതോടെ സ്കൂട്ടര്‍ നിയന്ത്രിക്കാനാവാതെ നേഹ താഴെ വീണു. തൊട്ടുപിന്നാലെ വന്ന ട്രക്ക് നേഹയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും നേഹ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു.

ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. അടുത്ത മാസം വിവാഹിതയാകാനിരിക്കെയാണ് നേഹയുടെ മരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ആളുകള്‍ റോഡ് ഉപരോധിച്ചു.