എട്ട് പേരെ വിവാഹം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ സമീറ ഫാത്തിമ എന്ന അധ്യാപിക മഹാരാഷ്ട്രയിൽ അറസ്റ്റിലായി

നാ‌ഗ്‌പൂർ: എട്ട് പേരെ വിവാഹം കഴിച്ച് ഓരോ പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അധ്യാപികയെ മഹാരാഷ്ട്രയിൽ പൊലീസ് അറസ്റ്റ് ചെയ്തു. സമീറ ഫാത്തിമ എന്ന സ്ത്രീയാണ് നാഗ്‌പൂരിൽ അറസ്റ്റിലായത്. ഒൻപതാമത്തെ വിവാഹത്തിൻ്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് യുവാവുമായി ചായക്കടയിൽ സംസാരിച്ചിരിക്കെയാണ് ഇവരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹം കഴിച്ച ഭർത്താക്കന്മാരെ ബ്ലാക്മെയിൽ ചെയ്താണ് ഇവർ പണം തട്ടിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവർക്കൊപ്പം വലിയൊരു സംഘമുണ്ടെന്നും അവരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഉയർന്ന വിദ്യാഭ്യാസമുള്ള സമീറ, അധ്യാപികയായി ജോലി ചെയ്യുകയാണെന്ന് പൊലീസ് പറയുന്നു. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമെന്ന് പറഞ്ഞാണ് ഇവർ എട്ട് പേരെയും വിവാഹം ചെയ്തത്. സമ്പന്നരും വിവാഹിതരുമായ മുസ്ലിം മതസ്ഥരായ ആളുകളാണ് തട്ടിപ്പിന് ഇരയായതെന്ന് പൊലീസ് പറയുന്നു. തൻ്റെ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ഒരാളും 15 ലക്ഷം രൂപ തട്ടിയെന്ന് മറ്റൊരാളും നൽകിയ പരാതിയിലാണ് സമീറക്കെതിരെ പൊലീസ് നടപടിയെടുത്തത്. പണം ബാങ്കിലൂടെ കൈമാറ്റം ചെയ്തതിൻ്റെ തെളിവുകളും പരാതിക്കൊപ്പം ഇവർ പൊലീസിന് നൽകിയിരുന്നു.

മാട്രിമോണിയൽ വെബ്സൈറ്റുകളും ഫെയ്‌സ്ബുക് പ്രൊഫൈലുകളും വഴിയാണ് സമീറ ഓരോ പേരെയും തെരഞ്ഞെടുത്തത്. ഫേസ്ബുക് മെസഞ്ചർ, വാട്‌സ്ആപ്പ് കോളുകളിലൂടെയാണ് ആദ്യം ബന്ധം സ്ഥാപിക്കുക. പിന്നീട് ദൈന്യത നിറഞ്ഞ തൻ്റെ കെട്ടിച്ചമച്ച ജീവിത കഥ ഇവർ പറയും. മുൻപ് സമാനമായ കേസിൽ ഇവർ പിടിക്കപ്പെട്ടിരുന്നെങ്കിലും താൻ ഗർഭിണിയാണെന്ന് പറഞ്ഞ് ഇവർ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറയുന്നു. വീണ്ടും പരാതി ഉയർന്നതോടെയാണ് ജൂലൈ 29 ന് നാഗ്‌പൂരിലെ ഒരു ചായക്കടയിൽ വെച്ച് സമീറയെ പൊലീസ് അറസ്റ്റ് ചെയ്തത്.

YouTube video player