Asianet News MalayalamAsianet News Malayalam

39 ദിവസം മാത്രം പ്രായം, പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റില്‍നിന്ന് താഴെക്കെറിഞ്ഞ് അമ്മ, അതിദാരുണം ഈ കൊലപാതകം

കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ചശേഷം കേസില്‍ തുടര്‍ നടപടി സ്വീകരിക്കുകയുള്ളുവെന്നും യുവതിയോട് സംസാരിച്ചുവരുകയാണെന്നും പോലീസ് പറഞ്ഞു

Woman throws days-old daughter from 14th floor Mumbai flat, charged with murder
Author
First Published Sep 23, 2023, 2:56 PM IST

മുബൈ: 39 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഭിന്നശേഷിക്കാരിയായ മാതാവ് ഫ്ലാറ്റിന്‍റെ 14ാം നിലയില്‍നിന്ന് താഴേക്കെറിഞ്‍ഞ് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം മുലുന്ദ് വെസ്റ്റിലെ സാവര്‍ റോഡിലെ അപാര്‍ട്ട്മെന്‍റ് കോംപ്ലക്സിലാണ് സംഭവം. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മക്കെതിരെ കൊലപാതകത്തിന് പോലീസ് കേസെടുത്തു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നാലെ കാരണം വ്യക്തമല്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചശേഷമെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുണ്ടാകുകയുള്ളുവെന്നും പോലീസ് പറഞ്ഞു.

സൂറത്ത് സ്വദേശിനിയായ യുവതി പ്രസവത്തിനായാണ് മുബൈയിലെ മാതാപിതാക്കളുടെ ഫ്ലാറ്റിലെത്തിയത്.  14ാം നിലയില്‍നിന്ന് കുഞ്ഞിന് യുവതി താഴേക്ക് എറിയുകയായിരുന്നുവെന്നും ഒന്നാം നിലയിലെ പാരപ്പെറ്റിലാണ് കുഞ്ഞിനെ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. ചോരയില്‍ കുളിച്ച നിലയില്‍ കുഞ്ഞിനെ മറ്റു ഫ്ലാറ്റിലുള്ളവര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. ഇതിനിടയില്‍ കുഞ്ഞിന്‍റെ അമ്മാവന്‍ കുഞ്ഞിനെയുമെടുത്ത് മുലുന്ദിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലാത്ത യുവതിയുടെ എട്ടുമാസം പ്രായമുള്ള മകനും അതിനുപിന്നാലെ പിതാവും കഴിഞ്ഞവര്‍ഷം മരിച്ചിരുന്നു. എട്ടുമാസം പ്രായമുള്ള മകന്‍ മുലയൂട്ടുന്നതിനിടെ ശ്വാസ തടസ്സമുണ്ടായാണ് മരിച്ചത്. മകനും പിതാവും മരിച്ച  സംഭവങ്ങള്‍ക്കുശേഷം യുവതി മാനസികമായി തകര്‍ന്നിരുന്നതായും വിഷാദത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചതായും യുവതിയുടെ ഭര്‍ത്താവിനും കേള്‍ക്കാനും സംസാരിക്കാനുമുള്ള ശേഷിയില്ലെന്നും പോലീസ് പറഞ്ഞു. കുടുംബാംഗങ്ങളുമായി കൂടിയാലോചിച്ചശേഷം കേസില്‍ തുടര്‍ നടപടി സ്വീകരിക്കുകയുള്ളുവെന്നും യുവതിയോട് സംസാരിച്ചുവരുകയാണെന്നും പോലീസ് കൂട്ടിചേര്‍ത്തു.

ഇക്കഴിഞ്ഞ ദിവസം കുവൈത്തില്‍ പ്രസവിച്ച് മണിക്കൂറുകള്‍ക്കകം യുവതി വീടിന്‍റെ രണ്ടാം നിലയില്‍ നിന്ന് ചോരക്കുഞ്ഞിനെ ജനലിലൂടെ താഴേക്ക് എറിഞ്ഞ് കൊന്ന സംഭവമുണ്ടായിരുന്നു. കുവൈത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കുവൈത്ത് പൗരന്റെ വീട്ടില്‍ ഗാര്‍ഹിക തൊഴിലാളിയായി ജോലി ചെയ്യുന്ന ഫിലിപ്പൈന്‍സ് സ്വദേശിനിയാണ് ക്രൂരകൃത്യം ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios