പന്ത്രണ്ട് ദിവസം മുമ്പ് ലുഡോയിലൂടെ പരിചയപ്പെട്ട പാക്ക് സ്വദേശിയായ യുവാവിനെ തേടിയാണ് യുവതി എത്തിയത്. എന്നാല്‍  പാക്ക് പൌരനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും യുവതിയുടെ പക്കലുണ്ടായിരുന്നില്ല.

ജയ്പൂര്‍: പ്രണയം ചിലപ്പോഴൊക്കെ അതിരുകള്‍ ഭേദിച്ച് നമ്മെ മുന്നോട്ടു പായിക്കാറുണ്ട്. എന്നാല്‍ അതിര്‍ത്തി ഭേദിച്ച് കാമുകനെ കാണാനെത്തുമ്പോള്‍ പൊലീസ് പിടിച്ചാലോ ? ലുഡോയിലൂടെ പരിചയപ്പെട്ട പാക്ക് കാമുകനെ കാണാനായി വാഗാ അതിര്‍ത്തിയിലെത്തിയ രാജസ്ഥാന്‍കാരിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. രാജസ്ഥാനില്‍ നിന്നും അമൃത്സറിലെത്തിയ യുവതി വാഗാ അതിര്‍ത്തി വഴി പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് പൊലീസ് പിടിയിലാകുന്നത്.

രാജസ്ഥാനില്‍ നിന്നുമുള്ള 25 വയസുകാരിയായ വിവാഹിതയായ യുവതിയുടെ കൈവശം യാത്രാ രേഖകളൊന്നും ഇല്ലായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അതിര്‍ത്തി കടന്നുള്ള പ്രണയം പുറത്തായത്. പന്ത്രണ്ട് ദിവസം മുമ്പ് ലുഡോയിലൂടെ പരിചയപ്പെട്ട പാക്ക് സ്വദേശിയായ യുവാവിനെ തേടിയാണ് യുവതി എത്തിയത്. എന്നാല്‍ പാക്ക് പൌരനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും യുവതിയുടെ പക്കലുണ്ടായിരുന്നില്ല. ഇതോടെ പൊലീസ് രാജസ്ഥാനിലുള്ള യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചു.

എന്നാല്‍ വിവാഹ ശേഷം യുപിയില്‍ താമസിക്കുന്ന യുവതി രാജസ്ഥാനിലുള്ള ബന്ധുക്കളുടെ വിവരമാണ് പൊലീസിന് നല്‍കിയത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് യുവതി വീടുവിട്ട് കാമുകനെ തേടിയിറങ്ങിയതെന്നാണ് സൂചന. ഇവരുടെ കൈവശം കുറച്ച് പണവും ആഭരണവും ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് രണ്ടര വയസുള്ള മകനുണ്ട്. ഓണ്‍ലൈന്‍ ഗെയിമായ ലുഡോയിലൂടെ ദിവസം മുമ്പാണ് പാക്ക് യുവാവിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതുമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. വാട്ട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും തങ്ങള്‍ സംസാരിച്ചിരുന്നു. കാമുകനാണ് വാഗാ അതിര്‍ത്തി വഴി വരാന്‍ പറഞ്ഞതെന്നും യുവതി പൊലീസിനോട് പറഞ്ഞു.