ഇൻഡിഗോ എയർ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് പൈലറ്റായ ഖുശ്ബു പ്രധാന്റെ വിജയഗാഥ.
ദില്ലി: കൈയിലുള്ള നല്ലൊരു ജോലി ഉപേക്ഷിച്ച് സ്വപ്നങ്ങളെ പിന്തുടരുന്നത് എളുപ്പമുള്ള കാര്യമല്ല, പക്ഷെ അത് വീണ്ടും ഉയരത്തിലേക്കാണെങ്കിലോ, ഒരു ഇൻഡിഗോ എയർ ഹോസ്റ്റസ് അത് സാധ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്. എയർ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് പൈലറ്റാകാൻ ഇറങ്ങിത്തിരിച്ച അവർ ഇന്ന്ഒരു പൈലറ്റായി മാറിയിരിക്കുന്നു.
ഇൻഡിഗോ എയർ ഹോസ്റ്റസായിരുന്ന ഖുശ്ബു പ്രധാൻ, തന്റെ വിജയകരമായ യാത്രയുടെ ഒരു വീഡിയോ പങ്കുവെച്ചു. ഇന്റർനെറ്റിലെ പുതിയ തരംഗം സൃഷ്ടിച്ച് ഏവര്‍ക്കും പ്രചോദനമാകുന്നതാണ് ഖുശ്ബുവിന്റെ വിജയ യാത്ര. എയര്‍ ഹോസ്റ്റസിൽ നിന്ന് പൈലറ്റിന്റെ സീറ്റിലേക്കുള്ള അവരുടെ അഭിമാനകരമായ യാത്രയാണ് വീഡിയോയിൽ.
ഖുശ്ബു തന്റെ എയർ ഹോസ്റ്റസ് യൂണിഫോമിൽ നിൽക്കുന്ന ഒരു രംഗത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് പൈലറ്റിന്റെ വേഷത്തിലേക്ക് മാറുന്നു. ഉറച്ച സ്വരത്തിൽ ചില കുറിപ്പും അവര്‍ പങ്കുവച്ചു. "വർഷങ്ങളുടെ കാത്തിരിപ്പ്, കഠിനാധ്വാനം, ക്ഷമ, സ്ഥിരത, കുടുംബത്തിന്റെ പിന്തുണ എന്നിവ എന്നെ ഇത്രയും ദൂരം എത്തിച്ചു. ഈ അനുഗ്രഹങ്ങളോടെ ഞാൻ ഒരു മികച്ചതും അഭിമാനിയുമായ ഒരു പൈലറ്റ് ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്. തന്റെ ഭാവി എങ്ങനെയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്, കാരണം ഞാൻ അതിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഒരുപാട് കാര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്, എന്നിട്ടും ഓരോ തവണയും കൂടുതൽ ശക്തയായി മുന്നോട്ടുപോയി. തനിക്ക് ഒരു കഥ എഴുതാനുണ്ട്, ഒരു പാരമ്പര്യം സൃഷ്ടിക്കാനുണ്ട്." എന്നായിരുന്നു അവരുടെ കുറിപ്പ്. എന്നാൽ തന്റ ഈ യാത്ര തനിക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും അവർ പറയുന്നു. "ഒരു പൈലറ്റാകുക എന്നത് തന്റെ സ്വപ്നം മാത്രമല്ല, തന്റെ കുടുംബത്തിന്റെ സ്വപ്നം കൂടിയാണ്. അവർ എന്നോടൊപ്പം കഠിനാധ്വാനം ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തിൽ സ്വപ്നങ്ങൾ എത്തിപ്പിടിച്ച നിരവധി പേര്‍ കമന്റുകളുമായി എത്തി. ഒപ്പം അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തനിക്കും സമാനമായ സ്വപ്നങ്ങൾ എത്തിപ്പിടിക്കണമെന്ന ആഗ്രഹം പങ്കുവയ്ക്കുന്നുണ്ട് നിരവധിപേര്‍. നിങ്ങൾ ഒരു യഥാർത്ഥ പ്രചോദനമാണ്. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു മറ്റുചിലര്‍.
